കോടികളുടെ ആസ്തി; ഒറ്റയ്ക്ക് താമസം; വയോധികയെ അവശനിലയിൽ കണ്ടെത്തിയതിൽ അന്വേഷണം

mary
SHARE

കൊല്ലം നഗരത്തിൽ തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീട്ടിൽ അവശനിലയിൽ കണ്ടതിൽ പൊലീസ് അന്വേഷണം തുടങ്ങി. ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ് കടപ്പാക്കട സ്വദേശിനിയും റിട്ടയർഡ് അധ്യാപികയുമായ മേരിക്കുട്ടി. കോടികളുടെ ആസ്തിയുളള മേരിക്കുട്ടിയെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ചത്.

കൊല്ലം കടപ്പാക്കട എൻടിവി നഗറിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപിക എഴുപത്തിയൊന്നു വയസുള്ള മേരിക്കുട്ടിയെ കഴിഞ്ഞദിവസമാണ് വീട്ടിൽ അവശനിലയിൽ കണ്ടത്. കോർപറേഷനിലെ ബിജെപി കൗൺസിലർ ടി.ജി.ഗിരീഷ്  കലക്ടർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും  പരാതി നൽകിയതിനെത്തുടർന്ന് സാമൂഹിക നീതി അധികൃതർ, തഹസിൽദാർ എന്നിവരെത്തിയാണ് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്. 

കോടികളുടെ ആസ്തിയുള്ള കുടുംബമാണ്. മേരിക്കുട്ടിയുടെ ഏകമകൻ ദീപക് ജോൺ ഒന്നര വർഷം മുൻപു ഹൃദയാഘാതം മൂലം മരിച്ചു. ബാങ്ക് ജീവനക്കാരനായിരുന്ന മകന്റെ മരണത്തെത്തുടർന്നു മേരിക്കുട്ടി തനിച്ചായിരുന്നു താമസം. മേരിക്കുട്ടി അവശയായതിന് കാരണം വ്യക്തമല്ല. ഇവരുടെ സ്വത്ത് തട്ടിയെടുക്കാൻ ആരെങ്കിലും ശ്രമിച്ചോയെന്നതിൽ സംശയമുണ്ട്. ശരീരത്തെ സാവകാശം ബാധിക്കുന്ന വിഷാംശം ഉള്ളിൽ  ചെന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു. ദീപക്കിന്റെ പേരിലുണ്ടായിരുന്ന വാഹനങ്ങളും വീട്ടുപകരണങ്ങളും ചിലർ നേരത്ത കടത്തിക്കൊണ്ടു പോയിരുന്നു. ജീവനു ഭീഷണിയുള്ളതായി മേരിക്കുട്ടി പറഞ്ഞതിനെത്തുടർന്നാണ് കൗൺസിലർ ഗിരിഷ് ഇടപെട്ടത്. മേരിക്കുട്ടിയുടെ മകൻ ദീപക്കിന്റെ സുഹൃത്ത് കൂടിയാണ് ഗിരീഷ്. 

മേരിക്കുട്ടിയുമായി അടുത്ത ബന്ധമില്ലാത്ത ചിലർ വീടിനോട് ചേർന്ന് വരുന്ന സ്ഥലത്ത് താമസിക്കുന്നതായാണ് വിവരം. മേരിക്കുട്ടിയുടെ  ആസ്തികൾ കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നും ബാങ്ക് നിക്ഷേപം, സ്വർണാഭരണം എന്നിവ സംബന്ധിച്ചും അന്വേഷിക്കണമെന്നും കൗൺസിലറായ ഗിരീഷ് പൊലിസിന് നൽകിയ പരാതിയിലുണ്ട്.

MORE IN SOUTH
SHOW MORE