വൈക്കത്ത് വെള്ളക്കെട്ട് രൂക്ഷം: പ്രതിസന്ധിയിൽ ക്ഷീരകർഷകർ

floodcow-01
SHARE

കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ വൈക്കത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ  പ്രതിസന്ധിയിലായി ക്ഷീരകർഷകർ. തൊഴുത്തുകളും പുരയിടങ്ങളും വെള്ളത്തിലായതോടെ കന്നുകാലികളെ കെട്ടാൻ സ്ഥലമില്ല. വെള്ളമിറങ്ങിയാലും പുല്ലിന് ഉണ്ടാകുന്ന ക്ഷാമം പാലുൽപാദനത്തിൽ കുറവ് ഉണ്ടാക്കുമെന്ന ആശങ്കയിലാണ് കർഷകർ. 

മൂവാറ്റുപുഴയാറും കൈവഴികളും കരകവിഞ്ഞൊഴുകിയതോടെയാണ് വൈക്കത്ത് വീടുകളിൽ വെള്ളം കയറിയത് .കന്നുകാലികളെ പുറത്തിറക്കാൻ കഴിയാത്ത നിലയിലാണ് പലയിടത്തും വെള്ളക്കെട്ട് . വെള്ളത്തിൽ പലക  കെട്ടി ഉയർത്തിയാണ് ആടുകളെയടക്കം സംരക്ഷിക്കുന്നത്.ഇതിന് കഴിയാത്തവർ റോഡരുകിലും ഉയർന്ന പ്രദേശങ്ങളിലുമായി മൃഗങ്ങളെ കെട്ടിയിട്ടിരിക്കുകയാണ്. വെള്ളത്തിലും ചതുപ്പിലും തുടർന്നാൽ കന്നുകാലികൾക്ക് രോഗബാധക്കുള്ള സാധ്യതയും ഏറെയാണ്. മുൻപ് ശേഖരിച്ചുവെച്ചിരുന്ന വൈക്കോലും കാലിതീറ്റയും മാത്രമാണ് ബാക്കിയുള്ളതെന്നും പുല്ലിന് ക്ഷാമം ഉണ്ടാകുമോയെന്നാണ് ആശങ്കയെന്നും കർഷകർ പറയുന്നു. 

ബ്രഹ്മമംഗലം ക്ഷീര സഹകരണ സംഘത്തിന്റെ കീഴിൽ മാത്രം 30 ലധികം കർഷകരുടെ തൊഴുത്തുകൾ വെള്ളത്തിലായിട്ടുണ്ട്.ഉദയനാപുരം, റ്റി വി.പുരം, വെച്ചൂർ, കല്ലറ എന്നീ പഞ്ചായത്തുകളിലും നൂറു കണക്കിന് ക്ഷീരകർഷകരാണ് വെള്ളപ്പൊക്കത്തിൽ വലയുന്നത്.വെള്ളപൊക്കം വർഷങ്ങളായി തുടരുന്നതിൽ പശുക്കൾക്കായി സ്ഥിരം ഷെൽട്ടർ നിർമ്മിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

MORE IN SOUTH
SHOW MORE