തുടരെ പരിശോധന; എന്നിട്ടും നന്നാവാതെ പത്തനംതിട്ടയിലെ ഹോട്ടലുകൾ; ഇത് ദ്രോഹമെന്ന് പരാതി

Hotelraid
SHARE

തുടരെ പരിശോധന നടത്തിയിട്ടും നന്നാവാതെ പത്തനംതിട്ട നഗരത്തിലെ ഒരു കൂട്ടം ഹോട്ടലുകൾ. പരിശോധനയ്ക്കെത്തിയ  ഹെൽത്ത്‌ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡിനെ ഹോട്ടൽ ഉടമകൾ തടഞ്ഞു. പൊലീസ് സഹായത്തോടെയാണ് പരിശോധന നടത്തിയത്. വിവിധ മാർക്കറ്റുകളിൽ നിന്ന് കിലോ കണക്കിന് പഴകിയ മത്സ്യങ്ങളും പിടികൂടി നശിപ്പിച്ചു.

പത്തനംതിട്ട സെൻട്രൽ ജങ്ഷനോട് ചേർന്ന് പ്രവർത്തിക്കുന്ന അമാനി ഹോട്ടലിൽ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ  പരിശോധനയ്ക്കെത്തി. ഇവിടെ നിന്ന് പഴക്കം ചെന്ന ഭക്ഷണ സാധനങ്ങളും പഴകിയ മാംസവും കണ്ടെടുത്തു. വൃത്തിഹീനമായ പാചക എണ്ണയും ഹോട്ടലിൽ നിന്ന് പിടികൂടി. ഇത് മൂന്നാം തവണയാണ് ഇവിടെ നിന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടുന്നത്. ഹോട്ടലുടമ ഉദ്യോഗസ്ഥരെ തടഞ്ഞതോടെ പൊലീസെത്തി. ഗുരുതര ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന സാധനങ്ങളാണ് അമാനി ഹോട്ടലിൽ നിന്ന് പിടിച്ചെടുത്തത്.

നിരന്തരം പരിശോധനയുടെ  പേരിൽ ദ്രോഹിക്കുകയാണെന്ന് ഹോട്ടൽ നടത്തിപ്പുകാർ ആരോപിച്ചു. ഇതിനിടെ നഗരത്തിലെ തിരക്കേറിയ കുമ്പഴ മീൻ മാർക്കറ്റിൽ നിന്ന് 14 കിലോയിലധികം വരുന്ന പഴകിയ ചൂര മീനും പിടികൂടി. പിന്നീട് ഇവ ജീവനക്കാർ  മറ്റൊരിടത്തേക്ക് മാറ്റി കുഴിച്ചു മൂടി.

MORE IN SOUTH
SHOW MORE