അനുമതിയില്ലാതെ ഓണമ്പലം-കുമ്പളം റോഡ് പൊളിച്ചു; പൊലീസിൽ പരാതിപ്പെട്ട് പൊതുമരാമത്ത് വകുപ്പ്

kundararoad-12
SHARE

അനുമതിയില്ലാതെ റോഡ് വെട്ടിപൊളിച്ചതിനെതിരെ ജലഅതോറിറ്റിക്കെതിരെ പൊലീസില്‍ പരാതിയുമായി പൊതുമരാമത്ത് വകുപ്പ്. കൊല്ലം കുണ്ടറയിലെ ഓണമ്പലം കുമ്പളം റോഡ് വെട്ടിപ്പൊളിച്ചതാണ് പൊതുമരാമത്ത് റോഡ് വിഭാഗത്തിനെ ചൊടിപ്പിച്ചത്. 

കുണ്ടറ ഓണമ്പലത്ത് നിന്ന് കുമ്പളത്തേക്ക് പോകുന്ന റോഡിന്റെ എണ്ണൂറ്റിഅമ്പത് മീറ്റര്‍ ദൂരമാണ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചത്. നിർമാണ പ്രവർത്തനങ്ങൾക്ക് ജലഅതോറിറ്റി പൊതുമരാമത്ത് വകുപ്പിനെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തില്ലെന്നാണ് പരാതി. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഒന്‍പതിന് നടത്തിയ പരിശോധനയിലാണ് റോഡിന്റെ ഒരു വശം പൂർണ്ണമായും കുഴിച്ചതായി കണ്ടത്. ഇതോടെ കുണ്ടറ ജലഅതോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്കെതിരെ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ കുണ്ടറ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് കുണ്ടറ പള്ളിമുക്ക് - മുളവന റോഡും, പിന്നീട് ആശുപത്രിമുക്ക് - തെറ്റിക്കുന്നു റോഡും അനുമതിയില്ലാതെ പൊളിച്ചിരുന്നു. നിര്‍മാണം തടഞ്ഞപ്പോള്‍ വ്യവസ്ഥാപിതമായ മാർഗത്തിൽ ജലഅതോറിറ്റി അപേക്ഷ നൽകി തുക അടച്ച് പുനര്‍‌നിര്‍മാണത്തിന് അനുമതി വാങ്ങി. എന്നാൽ വീണ്ടും അനുമതി വാങ്ങാതെ ജലഅതോറിറ്റി തെറ്റായ രീതി തുടർന്നതാണ് പൊലീസിൽ പരാതി നൽക‌ുന്നതിലേക്ക് എത്തിച്ചതെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിശദമായ മൊഴിയെടുത്തശേഷം തുടര്‍നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. 

MORE IN SOUTH
SHOW MORE