തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതി; അനുമതി വൈകുന്നു

ringroad-04
SHARE

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് അനുമതി വൈകിപ്പിച്ച് കേന്ദ്രം. സര്‍വീസ് റോഡിന്‍റെ ചെലവ് പൂര്‍ണമായി സംസ്ഥാനം വഹിക്കണമെന്നതടക്കമുള്ള നിബന്ധനകളാണ് ദേശീയപാത അതോറിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. പുതുക്കിയ പദ്ധതി ദേശീയപാത അതോറിറ്റിയുടെ ഡല്‍ഹി ഓഫിസിലേക്ക് അയച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

തലസ്ഥാനനഗരത്തിന്‍റെ മുഖഛായമാറ്റുന്നതിന് തയ്യാറാക്കിയ ഔട്ടര്‍ റിങ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടും അനുകൂലനിലപാടുണ്ടാകാത്തതിലെ അമര്‍ഷമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസത്തെ ഇടതുമുന്നണി ധര്‍ണയില്‍ പ്രകടിപ്പിച്ചത്. ജൂലൈയില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് മുന്നില്‍ മുഖ്യമന്ത്രി നേരിട്ട് വിഷയം ഉന്നയിച്ചിരുന്നു. പിന്നാലെ പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച് കേന്ദ്രം സംശയം ഉന്നയിച്ചു. 4500 കോടി മുടക്കില്‍ വിഴിഞ്ഞം മുതല്‍ പാരിപ്പള്ളി വരെ നിര്‍മിക്കുന്ന ഔട്ടര്‍ റിങ് റോഡ് ലാഭകരമാകാന്‍ തക്ക വാഹന ഗതാഗതമുണ്ടാകുമോയെന്നായിരുന്നു സംശയം. ആവശ്യത്തിന് ട്രാഫിക് ഉണ്ടാകുമെന്ന് സംസ്ഥാനം മറുപടിയും നല്‍കി. 

തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിന് ദേശീയപാത അധികൃതര്‍ കേരളത്തിലെത്തി ഡിപിആര്‍ തയ്യാറാക്കിയ കണ്‍സള്‍ട്ടന്‍റുമായും പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ഭാരത് മാല മാര്‍ഗരേഖപ്രകാരം പ്രോജക്ട് സ്ട്രക്ചറില്‍ മാറ്റം വരുത്തുകയും ചെയ്തു. 45 മീറ്ററില്‍ പ്രധാന റോഡും 12.5 മീറ്ററില്‍ സര്‍വീസ് റോഡുകളും നിര്‍മിക്കാന്‍ ധാരണയായി. പ്രധാനപാതയ്ക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ പകുതി ചെലവും ഇരുവശത്തെയും സര്‍വീസ് റോഡിന്‍റെ പൂര്‍ണമായ ചെലവും സംസ്ഥാനം നിര്‍വഹിക്കണമെന്നും നിര്‍ദേശം വന്നു. ഇതനുസരിച്ച് തയ്യറാക്കിയ കുറിപ്പ് ഒക്ടോബറില്‍ ദേശീയപാത അതോറിറ്റിയുടെ ഡല്‍ഹിയിലെ ഓഫിസിലെത്തുകയും ചെയ്തു. പിന്നാലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിതിന്‍ ഗഡ്കരിയെ കണ്ടപ്പോഴും അനുകൂലമായ മറുപടി ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതുവരെ ഒരറിയിപ്പും ഉണ്ടാകാത്തതാണ് സംസ്ഥാനത്തിന്‍റെ ആശങ്കയ്ക്ക് കാരണം. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്‍റെ അനുമതി ലഭിക്കാതെ ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് നീങ്ങാനാവില്ല.

MORE IN SOUTH
SHOW MORE