എം.സി റോഡിലെ നടപ്പാതയും സംരക്ഷണവലയും ചരിഞ്ഞു;അപകട ഭീതി

kutoor-bridge
SHARE

തിരുവല്ലയില്‍ എംസി റോഡിലെ കോതാട്ടുച്ചിറ കലുങ്കും നടപ്പാതയും അപകടാവസ്ഥയിൽ. നടപ്പാതയും ഇരുമ്പ് കൊണ്ടു നിർമിച്ച സംരക്ഷണ വലയവും ചരിഞ്ഞ നിലയിലാണ്. കഴിഞ്ഞയാഴ്ച ഈ ഭാഗത്ത് എംസിറോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു.

മണിമലയാറ്റിലെ വെള്ളപ്പൊക്കം കറുത്താലി ഷട്ടർ കവിഞ്ഞ് എംസി റോഡിലെ കോതാട്ടുച്ചിറ കലുങ്കു വഴിയാണ് ഒഴുകിയത്.  മണിമലയാറ്റിലെ വെള്ളം കുറ്റൂർ ജംക്‌ഷനിൽ കയറാതെ സംരക്ഷിക്കുന്നത് കുറ്റൂർ - മനയ്ക്കച്ചിറ റോഡുവശത്തെ കറുത്താലി ഷട്ടറാണ്. കഴിഞ്ഞ വർഷം ഇതു പുതുക്കി നിർമിച്ചതോടെ വലിയ വെള്ളപ്പൊക്കം വന്നാൽ മാത്രമേ വെള്ളം കയറുകയുള്ളു. ഇത്തവണ ശക്തമായ ഒഴുക്കിൽ ഷട്ടർ കവിഞ്ഞ് എത്തിയ വെള്ളം വന്ന് ശക്തമായി അടിച്ചാണ് റോഡിനു സമാന്തരമായി നിർമിച്ച നടപ്പാത ചരിഞ്ഞ് അപകടാവസ്ഥയിലായത്. ഇരുവശത്തേയും പാടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ നികത്തിയതാണ് ഈ മേഖലയെ വെള്ളത്തിലാക്കുന്നത്.

ആരും ഉപയോഗിക്കാതെ കിടന്നിരുന്ന നടപ്പാലമാണ് ഇപ്പോള്‍ തകര്‍ന്നത്. ഇതിലേയാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പും കടന്നുപോകുന്നത്.  റോഡ് നവീകരിക്കുമ്പോള്‍ കലുങ്ക് മാറ്റി പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒന്നാം നമ്പർ സംസ്ഥാന പാതയായിരുന്ന റോഡിന്റെ ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജംക്‌ഷൻ മുതൽ കോട്ടയം ഐഡ ജംക്‌ഷൻ വരെ ദേശീയ പാത അതോറിറ്റി ഏറ്റെടുത്തിരുന്നു. അതിനാല്‍ എൻഎച്ച് വിഭാഗമാണ് ഇനി പരിശോധന നടത്തേണ്ടത്.

MORE IN SOUTH
SHOW MORE
Loading...
Loading...