ഇരച്ചെത്തി വെള്ളം; മുങ്ങി മല്ലപ്പള്ളി എക്സൈസ് ഓഫീസ്; തൊണ്ടിമുതലടക്കം നശിച്ചു

excise-22
SHARE

വെള്ളപ്പൊക്കത്തില്‍ മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫിസിലെ തൊണ്ടിമുതലുകളും കേസ് ഫയലുകളുമടക്കം നശിച്ചു. ഓഫിസിന്‍റെ രണ്ടാംനിലയുടെ പകുതിവരെയാണ് വെള്ളം കയറിയത്. എക്സൈസ് ജീപ്പും മുങ്ങി.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫിസിലേക്ക് മണിമലയാറ്റില്‍ നിന്നുള്ള വെള്ളം ഇരച്ചെത്തിയത്. കുറേയേറെ കഴിയുന്നത്ര സാധനങ്ങള്‍ രണ്ടാം നിലയിലേക്ക് മാറ്റി. പക്ഷേ രണ്ടാം നിലയടക്കം മുങ്ങി. തൊണ്ടിമുതലായ സ്പിരിറ്റ്, കഞ്ചാവ്, കോട, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്നിവ വെള്ളം കയറി നശിച്ചു. രണ്ട് ദിവസമാണ് ഓഫിസ് വെള്ളത്തില്‍ മുങ്ങിക്കിടന്നത്. കേസ് ഫയലുകളും, കമ്പ്യൂട്ടറുകളുമെല്ലാം നശിച്ചു. ഓഫിസിന്‍റെ പിന്‍വശത്തെ മതിലിടിച്ച് കതകും തകര്‍ത്താണ് വെള്ളം അകത്തേക്ക് ഇരച്ച് കയറിയത്. കേസ് ഫയലുകളുടെ പകര്‍പ്പ് കോടതിയില്‍ ഉള്ളതിനാലും, തൊണ്ടിയുടെ സാംപിളുകള്‍ നേരത്തേ തന്നെ അയച്ചതിനാലും കേസുകളെ ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മല്ലപ്പള്ളിയിലെ ഫയര്‍ ഫോഴ്സ് സംഘമെത്തി ഒന്നാംഘട്ട ശുചീകരണം പൂര്‍ത്തിയാക്കി. എക്സൈസ് അസോസിയേഷന്‍ സംസ്ഥാനക്കമ്മിറ്റിയംഗം മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരണം തുടരുകയാണ്. അതിവേഗം വെള്ളംകയറുന്ന മേഖലയില്‍ നിന്ന് ഓഫിസ് മാറ്റാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. 

MORE IN SOUTH
SHOW MORE
Loading...
Loading...