റാന്നിയിലെ ‘അവിശ്വാസ’ അടി; പ്രതികളെ വിലസാന്‍ വിട്ട് പൊലീസ്

ranni-arrest
SHARE

പത്തനംതിട്ട റാന്നി പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തിന് പിന്നാലെ നടന്ന ഗുണ്ടാ ആക്രമണത്തിലെ പ്രതികളെ ഇതുവരെ പിടികൂടിയില്ല. സിപിഎം പ്രവര്‍ത്തകരായ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ബിജെപി പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം പ്രതിനിധിയാണ് റാന്നി പഞ്ചായത്ത് ഭരിക്കുന്നത്. പതിമൂന്നംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ചു വീതവും ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനും. ഈ മാസം ആദ്യം യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും എല്‍ഡിഎഫും ബിജെപിയും വിട്ടു നിന്നതിനാല്‍ ചര്‍ച്ച നടന്നില്ല. എല്‍ഡിഎഫ് വിമതനായി ജയിച്ച കെ.ആര്‍ പ്രകാശിന്റെ പിന്തുണ യുഡിഎഫിനായിരുന്നു. അന്നു രാത്രി പ്രകാശ് പതിവായി യാത്ര ചെയ്യാറുള്ള വാഹനത്തിന് നേരെ ഗുണ്ടാ ആക്രമണമുണ്ടായി. ഡ്രൈവര്‍ തോമസ് ചാക്കോയ്ക്ക് പരുക്കേറ്റു. ആക്രമിച്ചവരുടെ പേര് ഉള്‍പ്പടെ പരാതി നല്‍കിയിട്ടും പൊലീസ് ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് ആക്ഷേപം.

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും റാന്നി പൊലീസ് വിശദീകരിച്ചു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു പ്രതികളെല്ലാം ഒളിവിലാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.  

MORE IN SOUTH
SHOW MORE
Loading...
Loading...