അവിശ്വാസത്തിൽ ചർച്ച നടന്നില്ല; അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം

ranni
SHARE

ബിജെപി പിന്തുണയോടെ എൽഡിഎഫ് ഭരിക്കുന്ന പത്തനംതിട്ട റാന്നി പഞ്ചായത്തിൽ അവിശ്വാസ പ്രമേയ ചർച്ച നടന്നില്ല. എൽഡിഎഫ്, ബിജെപി അംഗങ്ങൾ യോഗത്തിന് എത്താത്തതിനാൽ ക്വാറം തികയാത്തതാണ് കാരണം. എൽ.ഡി.എഫ് ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ വ്യാപക പ്രചാരണം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു.

യു.ഡി.എഫാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഒരു സ്വതന്ത്രന്റെയും പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍ പ്രമേയത്തില്‍ ഒപ്പിടാതിരുന്ന കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിനിധി എത്തിയില്ല. ഭാര്യയ്ക്ക് കോവിഡായതിനാലാണ് വരാഞ്ഞത് എന്നാണ് സച്ചിന്‍വയലയുടെ വിശദീകരണം.എല്‍ഡിഎഫിന്റെ അഞ്ചും ബിജെപിയുടെ രണ്ട് അംഗങ്ങളും അവിശ്വസ പ്രമേയ ചര്‍ച്ചയ്ക്ക് ഹാജരായില്ല. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഭരണപ്രതിസന്ധി ഉണ്ടാകുന്നത് ഒഴിവാക്കാനാണ് വിട്ടു നിന്നതെന്ന് എല്‍ഡിഎഫ് ന്യായീകരിച്ചു. ഇരുമുന്നണിയെയും പിന്തുണയ്ക്കണ്ട എന്നു തീരുമാനിച്ചതു കൊണ്ടാണ് എത്താഞ്ഞതെന്നാണ് ബിജെപിയുടെ വാദം.

പതിമൂന്നംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ചു വീതവും ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനും. പ്രസിഡന്റ് തിര‍ഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് എം.പ്രതിനിധി ശോഭാ ചാര്‍ലി ബിജെപിയുമായി കരാറുണ്ടാക്കി വിജയിച്ചു. വലിയ വിവാദമായതോടെ പ്രസിഡന്റിനെ എല്‍ഡിഎഫില്‍ നിന്നു പുറത്താക്കി തടിയൂരി. അംഗങ്ങള്‍ക്കെതിരെ ബിജെപിയും പേരിന് നടപടി എടുത്തു. എന്നാല്‍ ഇപ്പോഴും ഭരണം തുടരുകയാണ്. ഈ പശ്ചാലത്തിലാണ് അവിശ്വാസത്തിന് യുഡിഎഫ് നോട്ടിസ് നല്‍കിയത്.

MORE IN SOUTH
SHOW MORE
Loading...
Loading...