താറാവ് കര്‍ഷകര്‍ക്ക് ഭീഷണിയായി തെരുവ് നായ്ക്കള്‍; ലക്ഷങ്ങളുടെ നഷ്ടം

dogduck-02
SHARE

വൈക്കത്ത് വഴിയാത്രക്കാർക്ക് പുറമെ താറാവ് കർഷകർക്കും തെരുവ്നായ്ക്കൾ ഭീഷണിയാകുന്നു.  രാത്രിയിൽ കൂട്ടമായെത്തുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആയിരത്തിലേറെ താറാവുകൾ ചത്തു. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുൻകയെടുക്കുന്നില്ല. 

തലയോലപറമ്പിലെ താറാവ് കർഷകനായ  സത്യന് 587 താറാവുകളെയാണ് നഷ്ടപ്പെട്ടത്. വടക്കേപുതുശേരി പാടശേഖരത്തിലെ കൂടിൻ്റെ വലകൾ തകർത്തായിരുന്നു തെരുവുനായ്ക്കളുടെ ആക്രമണം. ആറ് താറാവുകളെ കടിച്ചുകൊന്നു. ബാക്കിയുള്ളവ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വലയിൽ കുരുങ്ങിയും ശ്വാസം മുട്ടിയുമാണ് ചത്തത്. മുപ്പതിലേറെ താറാവുകൾ കാലൊടിഞ്ഞും ചിറകിന് പരുക്കേറ്റും അവശനിലയിലാണ്. 900 താറാവുകളെ വളർത്തിയിരുന്ന സത്യന് ദിവസം ചുരുങ്ങിയത് 600 മുട്ടകൾ ലഭിച്ചിരുന്നു. മഴക്കെടുതി മൂലം പ്രതിസന്ധിയിലായ കർഷകർക്കാണ് തെരുവ്നായ്ക്കൾ അപ്രതീക്ഷിത ഭീഷണിയായത്. 

ഇൻഷുറൻസോ ബാങ്ക് വായ്പയൊ താറാവ് കർഷകർക്കില്ല. മറ്റു കൃഷിയുടെ പേരിൽ വായ്പയെടുത്ത 2 ലക്ഷം മുടക്കിയാണ് സത്യൻ ഇത്തവണ താറാവിനെ വളർത്തിയത്. താറാവ് ചത്താൽ കൃഷി നാശമായും ആനുകൂല്യമില്ല. മൃഗസംരക്ഷണവകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം പ്രകൃതിദുരന്തമായൊ മറ്റോ പരിഗണിച്ച് റവന്യു വകുപ്പ് സഹായിച്ചാലായി. താറാവിനു തീറ്റ നൽകുന്നതിനു മാത്രം 2500 മുതൽ 3000 രൂപ വരെയാണ് പ്രതിദിന ചെലവ്.   പാടത്തെ ഒഴിഞ്ഞ ഇടങ്ങളിൽ പലരും ഉപേക്ഷിക്കുന്ന നായ്ക്കളാണ് ഭക്ഷണം കിട്ടാതെ താറാവുകളെയും പറവകളെയും കൊല്ലുന്നത്. നായ് ശല്യം ഒഴിവാക്കാൻ നടപടിയില്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകും. 

MORE IN SOUTH
SHOW MORE
Loading...
Loading...