മഴക്കാലത്തും കുടിവെള്ളക്ഷാമം നേരിട്ട് പാമ്പൂരാംപാറ നിവാസികൾ

pambooranparawater-03
SHARE

മഴക്കാലത്തും കുടിവെള്ളക്ഷാമം നേരിട്ട് കാഞ്ഞിരപ്പള്ളി പാമ്പൂരാംപാറ നിവാസികള്‍. കുടിവെള്ള പദ്ധതികളെല്ലാം പരാജയപ്പെട്ടതോടെയാണ് പ്രദേശത്തെ നാല്‍പതിലേറെ കുടുംബങ്ങള്‍ പ്രതിസന്ധിയിലായത്. മഴക്കാലത്ത് വീടിന്‍റെ മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം ശേഖരിച്ചാണ് ഉപയോഗം.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 40 കുടുംബങ്ങളാണ് പട്ടിമറ്റം പാമ്പൂരാംപാറയിലുള്ളത്. മിച്ചഭൂമിയായി ലഭിച്ച സ്ഥലത്ത് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താമസം ആരംഭിച്ച കുടുംബങ്ങള്‍ അന്ന് മുതല്‍ കുടിവെള്ളക്ഷാമം നേരിടുകയാണ്. പാറയായതിനാല്‍ കിണറോ, കുഴല്‍ കിണറോ കുഴിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. 13 വര്‍ഷം മുന്‍പ് കുടിവെള്ള പദ്ധതി ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പുകള്‍ നശിച്ചു ടാങ്കുകളില്‍ ഒന്ന് താഴെ വീണിട്ട് നാളുകളായി. ഇവയൊന്നും പുനസ്ഥാപിക്കാന്‍ നടപടിയുണ്ടായില്ല. രോഗബാധിതര്‍ക്കും സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് പോലും വെള്ളമില്ല. 

കുടിക്കാനുള്ള വെള്ളത്തിന് ആശ്രയം സമീപത്തെ പറമ്പിലെ ഏക കിണറാണ്. വേനലില്‍ ഈ കിണറും വറ്റും. പിന്നെ പണം കൊടുത്ത് വെള്ളം വാങ്ങണം. നിത്യചെലവിന് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് വെള്ളം പണം കൊടുത്ത് വാങ്ങുന്നതും പ്രായോഗികമല്ല.

പാമ്പൂരാംപാറയുടെ സമീപ പ്രദേശങ്ങളിലെല്ലാം നിരവധി കുടിവെള്ള പദ്ധതികളുണ്ട്. എന്നാൽ വെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്ന ഇവരെ മാത്രം അധികാരികൾ കണ്ട മട്ടില്ല. ‌ഈ അവഗണന ഇനിയും തുടർന്നാൽ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് പാമ്പൂരാംപാറ നിവാസികൾ.

MORE IN SOUTH
SHOW MORE
Loading...
Loading...