കോൺഗ്രസിന്റെ സമൂഹ അടുക്കള പൂട്ടുന്നു; പിന്നിൽ ഇടതുമുന്നണിയെന്ന് ആരോപണം

food
SHARE

സമൂഹ അടുക്കളയെ ചൊല്ലി കൊല്ലത്ത് കോണ്‍ഗ്രസും ജില്ലാ ഭരണകൂടവും തമ്മില്‍ പോര്. യൂത്തുകോണ്‍ഗ്രസിന്റെ ആഹാര വിതരണം കലക്ടര്‍ രാഷ്ട്രീയ പ്രേരിതമായി തടസപ്പെടുത്തുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സമൂഹ അടുക്കളകളും പൂട്ടാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും വിശദീകരിച്ചു.  

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതിന് പുറമേ വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ കൊല്ലത്ത് സമൂഹ അടുക്കളകളുണ്ട്. രോഗികള്‍ക്ക് പുറമേ തെരുവില്‍ കഴിയുന്നവര്‍ക്കും പൊലീസുകാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കുമൊക്കെ സൗജന്യമായി ആഹാരം നല്‍കി വരികയായിരുന്നു. എന്നാല്‍ രോഗ വ്യാപന സാധ്യതയുള്ളതിനാല്‍ സന്നദ്ധ സംഘടനകളുടെ നേത‍ൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കി തുടങ്ങി. ഇതിനു പിന്നില്‍ ഇടതുമുന്നണിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നിര്‍ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപികരിച്ച വാര്‍ഡ് തല കമ്മിറ്റിയില്‍ ഇടതുമുന്നണി പ്രതിനിധികളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളുവെന്നും ആക്ഷേപമുണ്ട്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സമൂഹ അടുക്കളകള്‍ കലക്ടറുെട നിര്‍ദേശത്തെ തുടര്‍ന്ന് പൂട്ടി. കോണ്‍ഗ്രസ് നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. 

MORE IN SOUTH
SHOW MORE
Loading...
Loading...