കഴക്കൂട്ടത്തെ ഗതാഗത പരിഷ്കാരം പരാജയം; കൂടുതൽ ഗതാഗതക്കുരുക്ക്

nh-block
SHARE

ദേശിയപാതയിലെ മേല്‍പ്പാല നിര്‍മാണത്തിനായി കഴക്കൂട്ടത്ത് ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്കാരം പാളുന്നു. നിയന്ത്രണം ഏര്‍പ്പെടുത്തിയ ആദ്യദിവസം കഴക്കൂട്ടത്തുണ്ടായത് മണിക്കൂറുകള്‍ നീളുന്ന ഗതാഗതകുരുക്കാണ്. മുന്നൊരുക്കമില്ലാതെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതും നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലീസിനെ വിന്യസിക്കാത്തതുമാണ് യാത്രക്കാരെ പെരുവഴിയില്‍ കുരുക്കിയത്.

മുന്നൂറ് മീറ്ററോളം ഭാഗത്താണ് റോഡ് നിയന്ത്രിച്ചതെങ്കില്‍ ആറ് കിലോമീറ്ററോളം നീളത്തിലായിരുന്നു അതുമൂലമുള്ള ഗതാഗതകുരുക്ക്. കാറും ബസും ബൈക്കും തുടങ്ങി മെഡിക്കല്‍ കോളജിലേക്കുള്ള ആംബുലന്‍സ് വരെ മണിക്കൂറോളം കുരുങ്ങി റോഡില്‍ കിടന്നു. കഴക്കൂട്ടത്തെ മേല്‍പ്പാലത്തിന്റെ രണ്ടാം ഘട്ട നിര്‍മാണത്തിന് വേണ്ടിയാണ് ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടത്.  എന്നാല്‍ വാഹനങ്ങള്‍ എങ്ങിനെ കടത്തിവിടണം എന്നതിനേക്കുറിച്ച് കൃത്യമായ ഒരു പദ്ധതിയൊന്നുമില്ലാതെയാണ് ഇന്ന് രാവിലെ നിയന്ത്രണം തുടങ്ങിയത്. വാഹനങ്ങള്‍ വന്ന് നിറഞ്ഞതോടെ നിയന്ത്രിക്കാനുള്ള പൊലീസുകാരുമുണ്ടായിരുന്നില്ല. ഇതോടെ കൂടുതല്‍ പദ്ധതികള്‍ തയാറാക്കണമെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ഏതാനും മാസം മുന്‍പ് ആദ്യഘട്ട നിര്‍മാണത്തിന്റെ ഭാഗമായും ഗതാഗതം നിയന്ത്രിച്ചിരുന്നു. അന്ന് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍വീസ് റോഡ് നിര്‍മിച്ചിട്ടാവും അടുത്ത ഘട്ടത്തെ നിയന്ത്രണമെന്ന് തീരുമാനിച്ചിരുന്നു. പക്ഷെ അത് നടപ്പാക്കിയുമില്ല. അവധി ദിവസമായ ശനിയാഴ്ച വാഹനങ്ങള്‍ പൊതുവേ കുറവായിട്ട് കൂടി ഇത്രയും കുരുക്കുണ്ടായാല്‍ തിങ്കളാഴ്ച കഴക്കൂട്ടം വഴി വരുന്ന യാത്രക്കാര്‍ നട്ടം തിരിഞ്ഞേക്കും.

MORE IN SOUTH
SHOW MORE
Loading...
Loading...