പാര്‍ക്കിങ് സ്ഥല ദുരുപയോഗം; ശിക്ഷ കടുപ്പിക്കാന്‍ തിരുവനന്തപുരം കോർപ്പറേഷൻ

parking-licence
SHARE

തിരുവനന്തപുരത്ത് പാര്‍ക്കിങ് സ്ഥലം അടച്ചുകെട്ടി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി കോര്‍പ്പറേഷന്‍. ക്രമക്കേട് ബോധ്യപ്പെട്ട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയ സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടത്തിയാകും നടപടി സ്വീകരിക്കുക. പാര്‍ക്കിങ് സ്ഥലം വിവിധ സ്ഥാപനങ്ങളാക്കി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമകളോട് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പലരും ഇതിന് തയാറാകാത്തതോടെയാണ് നടപടി കടുപ്പിക്കുന്നത്.

പാര്‍ക്കിങ്ങിനിടമില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന കാഴ്ച്ചയാണ് നഗരത്തിന്റെ പ്രധാനയിടങ്ങളിലെല്ലാം. വ്യാപാര സ്ഥാപനങ്ങളിലെ പാര്‍ക്കിങ് സ്ഥലം കച്ചവടത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതോടെ ദുരിതം റോഡുകളില്‍ ഇരട്ടിയാകും. ഇത്തരം നിയമലംഘകരെ പിടികൂടാന്‍  ഇറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് കാണാനായത് നഗ്നമായ നിയമ ലംഘനങ്ങളാണ്. ക്രമക്കേട് കണ്ടെത്തിയ 21 കെട്ടിടങ്ങളുടെ നിര്‍മാണ പൂര്‍ത്തീകരണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചിലര്‍ ഇപ്പോഴും രേഖകള്‍ കോര്‍പ്പറേഷനില്‍ എത്തിച്ചിട്ടില്ല. ഇതോടെയാണ് പരിശോധനയും ശിക്ഷ നടപടികളും കടുപ്പിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

പരിശോധന നടത്തിയ സ്റ്റാച്യു, കുറവന്‍കോണം എന്നിവിടങ്ങളില്‍ പാർക്കിങ് സ്ഥലം വേർതിരിച്ച് മെഡിക്കൽ സ്റ്റോര്‍, വിവിധ കടകള്‍,  മാലിന്യം സംഭരിക്കുന്ന ഗോഡൗണ്‍ എന്നിവയ്ക്കായി മാറ്റിയത് ബോധ്യപ്പെട്ട കെട്ടിടങ്ങള്‍ക്കായിരുന്നു നോട്ടീസ് നല്‍കിയിരുന്നത്. വരും ദിവസങ്ങളില്‍ കിഴക്കേക്കോട്ട, അട്ടക്കുളങ്ങര ഭാഗങ്ങളില്‍ പരിശോധന നടത്താനും തീരുമാനമായി. 

MORE IN SOUTH
SHOW MORE
Loading...
Loading...