അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങി; മസ്റ്ററിങ് വീണ്ടും നടത്താന്‍ സര്‍ക്കാര്‍ നീക്കം

musteringagain-03
SHARE

മസ്റ്ററിങ് നടത്താന്‍ സാധിക്കാത്ത സാമൂഹ്യസുരക്ഷാ–ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന കിടപ്പുരോഗികള്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ സര്‍ക്കാര്‍. ഡിസംബര്‍ 31ന് കാലാവധി പൂര്‍ത്തിയായപ്പോള്‍ 7.48 ലക്ഷം പേരാണ് മസ്റ്ററിങ് നടത്താന്‍ അവശേഷിക്കുന്നത്. ഇതില്‍ വളരെ കുറച്ചുപേര്‍ മാത്രമേ കിടപ്പുരോഗികളുള്ളൂ എന്നും അവശേഷിക്കുന്നവരുടെ പേരില്‍ ഇത്രയും നാള്‍ അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുകയായിരുന്നു എന്നും ധനവകുപ്പ് വ്യക്തമാക്കി.

പെന്‍ഷന്‍ വിതരണത്തിനായി നിര്‍ത്തിവച്ചിരുന്ന മസ്റ്ററിങ് ഡിസംബര്‍ 26നാണ് പുനരാരംഭിച്ചത്. 31ന് സമയം അവസാനിക്കുകയും ചെയ്തു. അര്‍ഹര്‍ തന്നെയാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് എന്ന് ഉറപ്പിക്കുന്നതിനുവേണ്ടിയാണ് ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാന്‍ അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. കിടപ്പുരോഗികളുടെ വീടുകളിലെത്തി വിവരശേഖരണം നടത്തി. എന്നിട്ടും പലരും അറിഞ്ഞില്ല എന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കിടപ്പുരോഗികള്‍ക്ക് മാത്രമായി വീണ്ടും വെബ്സൈറ്റ് തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡിസംബര്‍ 26ന് ശേഷം മസ്റ്ററിങ് നടത്തിയവര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്തതിനുശേഷമാകും അവശേഷിക്കുന്നവര്‍ക്ക് അവസരം നല്‍കുന്നത്.

ആകെ 57.61 ലക്ഷം പേരാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്. ഇതില്‍ 50.13 ലക്ഷം പേര്‍ മസ്റ്ററിങ് നടത്തി. 7.48 ലക്ഷം പേരാണ് അവശേഷിക്കുന്നത്. ഇതില്‍ 4.43 ലക്ഷംപേര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ വാങ്ങുന്നവരാണ്. 2.36 ലക്ഷം പേര്‍ ക്ഷേമനിധി പെന്‍ഷനുകള്‍ വാങ്ങുന്നവരും. മരിച്ചുപോയവരുടെ പേരില്‍ പെന്‍ഷന്‍ വാങ്ങിയിരുന്ന അനര്‍ഹരായുള്ളവരാണ് ഇതിലേറെയുമെന്ന് ധനവകുപ്പ് കണക്കാക്കുന്നു. ഇവരെ ഒഴിവാക്കുന്നതോടെ കോടികള്‍ സര്‍ക്കാരിന് ലാഭിക്കാനാകും. 

MORE IN SOUTH
SHOW MORE
Loading...
Loading...