നിയന്ത്രിത മണല്‍ഖനനത്തിന് അനുമതി വേണം; സിഐടിയു സമരത്തില്‍

manal-01
SHARE

പുഴകളില്‍ നിയന്ത്രിത മണല്‍ഖനനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിഐടിയു സമരം ആരംഭിച്ചു. വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ നിന്ന് മണല്‍വാരി നിയമം ലംഘിച്ചാണ് സമരത്തിന് തുടക്കം കുറിച്ചത്. മണല്‍ഖനനത്തിന് അനുമതി നല്‍കാത്തത് ക്വാറി ഉടമകളെ സഹായിക്കാനാണെന്നാണ് ആരോപണം.

വെള്ളൂര്‍ ആറാട്ടുകടവിലായിരുന്നു സിഐടിയു പ്രവര്‍ത്തകരുടെ നിയമലംഘന പ്രതിഷേധം. മൂവാറ്റുപുഴയാറില്‍ നിന്ന് വള്ളങ്ങളില്‍ ശേഖരിച്ച മണല്‍ തൊഴിലാളികള്‍ കരയില്‍ നിക്ഷേപിച്ചു.  നിയമം ലംഘിച്ചെങ്കിലും പൊലീസുകാര്‍ നടപടിയൊന്നും എടുത്തില്ല. പ്രളയശേഷം പുഴകളില്‍ അടിഞ്ഞ മണല്‍ശേഖരം നിയന്ത്രിതമായി നീക്കം ചെയ്യാന്‍ അനുമതി വേണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ മിക്ക പുഴകളിലും പ്രളയത്തിന് ശേഷം വലിയതോതില്‍ മണല്‍ അടിഞ്ഞു. പുഴ വഴിമാറിയൊഴുകിയതോടെ മഴക്കാലത്ത് നിരവധിയിടങ്ങളില്‍ വെള്ളത്തിനടിയിലായി. മണല്‍ നീക്കാനുള്ള തീരുമാനത്തെ അട്ടിമറിക്കുന്നത് ഉദ്യോഗസ്ഥരാണെന്നും സിഐടിയു ആരോപിക്കുന്നു.

വെള്ളൂരിലും സമീപ പഞ്ചായത്തുകളിലുമായി 50 ഓളം മണൽ വാരൽകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് മാത്രമായി അനുമതി നൽകിയപ്പോൾ വെള്ളൂർ, മുളക്കുളം, മറവൻതുരുത്ത് പഞ്ചായത്തുകളില്‍ മണല്‍വാരല്‍ കേന്ദ്രങ്ങള്‍ പത്തായി ചുരുങ്ങി. മണൽ മാഫിയയുടെ കൊള്ള രൂക്ഷമായതോടെയാണ് 2014ൽ മണല്‍ ഖനനത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

MORE IN SOUTH
SHOW MORE
Loading...
Loading...