പരേതരുടെ ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്ത ബാങ്ക് പ്രസിഡന്‍റ് രാജിവച്ചു

pensionfraud-041
SHARE

പരേതരുടെ ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്ത കൊല്ലം പേരയം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവെച്ചു. ലോക്കൽ കമ്മറ്റി അംഗമായിരുന്ന മോഹനൻ പിള്ളയെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സിപിഎം പുറത്താക്കി. തെളിവുകള്‍ സഹിതം തട്ടിപ്പ് പുറത്തുവന്നിട്ടും രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

എല്‍ഡിഎഫ് ഭരിക്കുന്ന പേരയം സര്‍വീസ് സഹകരണ ബാങ്ക് ഗുണഭോക്താവിന്‍റെ മരണശേഷവും ക്ഷേമ പെൻഷൻ കൈപ്പറ്റിയതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ മണ്ഡലത്തില്‍ നടന്ന തട്ടിപ്പ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. പെന്‍ഷന്‍ വിതരണത്തില്‍ പ്രസിഡന്റിന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ലോക്കൽ കമ്മറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ലോക്കല്‍ കമ്മിറ്റി അംഗമായ മോഹനന്‍പിള്ളയോട് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടു. ആറു മാസത്തേക്ക് അംഗത്വത്തില്‍ നിന്നു പുറത്താക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിഷനെയും സിപിഎം നിയോഗിച്ചു. തട്ടിപ്പില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.

കുണ്ടറ പഞ്ചായത്തിലെ ഒന്ന്, 14 വാർഡുകളിലെ ക്ഷേമ പെൻഷൻ വിതരണത്തിലാണ് തട്ടിപ്പ് നടന്നതെന്ന് വകുപ്പ്തല അന്വേഷണത്തില്‍ വ്യക്തമായി. അന്വേഷണ റിപ്പോര്‍ട്ട് പഞ്ചായത്ത് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. മറുപടി കിട്ടിയാലുടന്‍ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണ സമിതി വ്യക്തമാക്കി.

MORE IN SOUTH
SHOW MORE
Loading...
Loading...