അവഗണനയിൽ മുങ്ങി കടപ്ര തുരുത്ത് നിവാസികൾ; മഴ പെയ്താൽ നാലു വശവും വെള്ളം

kadapra-web
SHARE

നല്ലൊരു മഴപെയ്താല്‍ പുറംലോകവുമായുളള ബന്ധം നഷ്ടമാകുന്നൊരു തുരുത്തുണ്ട് പത്തനംതിട്ട കടപ്ര പഞ്ചായത്തില്‍ .   ഇവിടുത്തെ ഇരുപതോളംകുട്ടികള്‍ ജീവന്‍ പണയംവച്ചാണ് സ്കൂളില്‍പോലും പോകുന്നത്.  അധികൃതര്‍ തിരിഞ്ഞുനോക്കാത്ത ഈ നാട്ടുകാരുടെ,  ഒരു റോഡെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 

വര്‍ഷത്തില്‍ പകുതിയോളംദിനങ്ങള്‍ ഒറ്റപ്പെട്ടുജീവിക്കേണ്ട ഗതികേടിലാണ് കടപ്ര പതിമൂന്നാംവാര്‍ഡിലെ തുരുത്ത് നിവാസികള്‍ . വേലിക്കട്ടിപ്പടി – കണ്ടംകാളി റോഡെന്നാണ് പേരെങ്കിലും, പണ്ടെപ്പോഴോ മണ്ണിട്ടുയര്‍ത്തിയ ഒരു നടപ്പാതമാത്രമാണ് പത്തോളം കുടുംബങ്ങളെ പുറംലോകവുമായി ചേര്‍ക്കുന്ന ഏകവഴി. പക്ഷെ, നല്ലൊരു മഴപെയ്താല്‍, നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഇവിടേക്കുളള ഈ വഴിയും കാണാനുണ്ടാകില്ല. തുരുത്ത് പൂര്‍ണമായും ഒറ്റപ്പെടും. പിന്നെ, വലിയ തുകനല്‍കി വാടകയ്ക്ക് വള്ളം എടുക്കണം ഇക്കരയെത്താന്‍ . നീന്തിയും വളളത്തിലുമൊക്കെയായി തുരുത്തിലെ ഇരുപതോളം കുട്ടികള്‍ ജീവന്‍ പണയംവച്ചാണ് സ്കൂളിലേക്കുപോലും പോകുന്നത്.  

തുരുത്തിനെ ബന്ധിപ്പിക്കുന്ന റോഡ് വികസിച്ചാല്‍ സ്ഥലത്തെ കൃഷിയ്ക്കും അത് ഗുണമാകും. തദ്ദേശസ്ഥാപനങ്ങള്‍ അടക്കം ഫണ്ട് അനുവദിക്കുന്നതിലെ വീഴ്ചയാണ് ഈ അവഗണനയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിപ്പിക്കുന്നു. ഒപ്പം, പഞ്ചായത്തിന്‍റെ അതിര്‍ത്തി പ്രദേശമായതിനാല്‍ വേണ്ടത്ര പരിഗണനയും ലഭിക്കുന്നില്ല. എന്തായാലും, ദുരിതംപേറി ജീവിക്കേണ്ട അവസ്ഥയില്‍നിന്ന് ഒരു മോചനമാണ് ഈ നാട്ടുകാരുടെ ആവശ്യം. 

MORE IN SOUTH
SHOW MORE
Loading...
Loading...