എം സി റോഡില്‍ അപകടക്കെണിയൊരുക്കി മഴുവങ്ങാട് ജംഗ്ഷന്‍

mc
SHARE

തിരുവല്ലയില്‍ എംസി റോഡിലൂടെ സഞ്ചരിക്കുന്ന വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ബൈപാസ് വന്നുചേരുന്ന മഴുവങ്ങാട് ജംഗ്ഷനില്‍ അപകടം നിങ്ങളെ കാത്തിരിപ്പുണ്ട്. റോഡിന്‍റെ അശാസ്ത്രീയ നിര്‍മാണത്തിനൊപ്പം, മുന്നറിയിപ്പ്-ദിശാ ബോര്‍ഡുകളും ഇല്ലാത്തതാണ് അപകടത്തെ ക്ഷണിച്ചുവരുത്തുന്നത്.  

മഴുവങ്ങാട് ജംഗ്ഷനില്‍ കഴിഞ്ഞദിവസം ഉണ്ടായ ഈ അപകടത്തില്‍നിന്ന് കാറോടിച്ചിരുന്ന സ്ത്രീ രക്ഷപെട്ടത് അത്ഭുതകരമായാണ്. പക്ഷെ, എന്നും അത്ഭുതങ്ങള്‍ സംഭവിക്കണമെന്നില്ല. പണി പൂര്‍ത്തിയാകാത്ത ബൈപാസും, എംസിറോഡും ചേരുന്ന മഴുവങ്ങാട്ടെ അശാസ്ത്രീയ റോഡ് നിര്‍മാണത്തെക്കുറിച്ച് നാട്ടുകാര്‍ പലവട്ടം അധികൃതരെ ഓര്‍മപ്പെടുത്തിയതാണ്. എന്നാല്‍ , ആര്‍ക്കും ഒരു കുലുക്കവുമില്ല. ബൈപാസ് വന്നുചേരുന്ന ഭാഗത്തെ ഡിവൈഡര്‍ ആണ് പ്രധാനവില്ലന്‍ . അനാവശ്യമായ വീതി പലയിടത്തും ഡിവൈഡറിനുണ്ട്. പക്ഷെ, വീതി റോഡിനില്ല. തിരുവല്ല ഭാഗത്തുനിന്ന് നിയന്ത്രിതവേഗതിയില്‍ എത്തുന്നവാഹനങ്ങള്‍പൊലും പൊടുന്നനെ വലത്തേക്ക് വളച്ചാല്‍ കുഴിയിലേക്ക് പതിക്കും. മുന്നറിയിപ്പ് ബോര്‍ഡുകളും വെളിച്ചവും ഇല്ലാത്തതിനാല്‍ രാത്രിയിലാണ് അപകടസാധ്യത ഏറെയും. 

ചെങ്ങന്നൂര്‍ ഭാഗത്തുനിന്നുളള വാഹനങ്ങള്‍ തിരുവല്ല ടൗണിലേക്ക് സുഗമമായി കടന്നുപോകാന്‍ വീതിയില്ല. ഇപ്പോള്‍ നിര്‍‌മിച്ചിരിക്കുന്ന റോഡും, വീതികൂട്ടുന്നതിനായി അനുവദിച്ചിരുന്ന സ്ഥലവുംതമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്നതിന്, സ്ഥലമേറ്റെടുപ്പിനായി സ്ഥാപിച്ച കല്ലുകള്‍തന്നെ തെളിവാണ്. അതുകൊണ്ടുതന്നെയാണ് യാത്രക്കാരുടെ ജീവന്‍പണയംവച്ചാണെങ്കിലും, മറ്റാരെയൊക്കെയോ സഹായിക്കാനാണ് അധികൃതരുടെ ശ്രമമെന്ന നാട്ടുകാരുടെ ആരോപണത്തിന് കഴമ്പുണ്ടാകുന്നത്.  

MORE IN SOUTH
SHOW MORE
Loading...
Loading...