അധ്യാപകനെ ലാത്തിക്കടിച്ച സംഭവം; എസ് ഐയ്ക്ക് സസ്പെൻഷൻ

kilimannorsi09
SHARE

വിരമിച്ച പ്രധാനധ്യാപകനെ നടുറോഡില്‍  ലാത്തിക്കടിച്ച്  മാരകമായി മുറിവേല്‍പ്പിച്ച സംഭവത്തില്‍ കിളിമാനൂര്‍ എസ് ഐ ബി.കെ അരുണിന് സസ്പെന്‍ഷന്‍. അരുണ്‍ അകാരണമായി അധ്യാപകനായ വിജയകുമാറിനെ  മര്‍ദിച്ചെന്ന ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ് പി പി.കെ.മധുവാണ് സസ്പെന്‍ഡ് ചെയ്തത്. എസ് ഐ അധ്യാപകനെ മര്‍ദിച്ച വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത് 

കിളിമാനൂരില്‍ നിന്ന് വീട്ടിലേക്ക് ഓട്ടോയില്‍ പോകാന്‍നിന്ന അധ്യാപകന്‍ വിജയകുമാറിനെ എസ് ഐ ക്രൂരമായി മര്‍ദിച്ചെന്ന് എസ് പി നേരിട്ട് നടത്തിയ അന്വേഷണത്തിലും ബോധ്യപ്പെട്ടതോടെയാണ് നടപടി. എസ് ഐയുടെ വിശദീകരണം തൃപ്തികരമല്ലെന്നും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണ് എസ് ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഡിവൈ.എസ്.പി യുടെ അന്വേഷണത്തിലും ബോധ്യപ്പെട്ടിരുന്നു. അധ്യാപകനെ മര്‍ദിച്ചിട്ടില്ലെന്നും ഓട്ടോറിക്ഷയില്‍ കയറ്റിവിടുകയായിരുന്നുമാണ് എസ് ഐ ആദ്യം നല്‍കിയ വിശദീകരണം.ഇത് തെറ്റാണെന്ന് കണ്ടെത്തിയതോടെ അരുണ്‍ ഒടുവില്‍ കുറ്റസമ്മതം നടത്തി. 

ജൂണ്‍ 28 വെള്ളിയാഴ് രാത്രി ഒന്‍പതുമണിയോടെയാണ് മര്‍ദനം നടന്നത് .സമാനമായ രീതിയില്‍ എസ് ഐ അരുണ്‍ പലരെയും കിളിമാനൂര്‍ ജംഗ്ഷനില്‍ വെച്ച് മര്‍ദിച്ചെന്ന്  സ്പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനാവശ്യമായ ലാത്തക്കടി ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ എസ് ഐയെ അറിയിച്ചു. നെടുങ്കണ്ടം ഉരുട്ടക്കൊല നാണക്കേടായതോടെ പൊലീസ് മര്‍ദനങ്ങള്‍ പാടില്ലെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കെയായിരുന്നു കിളിമാനൂര്‍ എസ് ഐ ബി.കെ അരുണിന്റെ ക്രൂരമായ ലാത്തിയടി. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...