കാഴ്ച പരിമിതർക്ക് പ്രത്യേക പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

blind-computer-teachers
SHARE

സംസ്ഥാനത്തെ അധ്യാപകർക്കുള്ള വാർഷിക പരിശീലനത്തിൽ കാഴ്ച പരിമിതർക്കായി പ്രത്യേക പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കംപ്യൂട്ടർ ഉപയോഗിച്ചുള്ള അധ്യാപനത്തിന് പ്രാപ്തരാക്കുന്നതിനുള്ള പരിശീലനമാണ് അധ്യാപകർക്ക് നൽകുന്നത്.

ലോകത്തിൻറെ നിറച്ചാർത്തുകൾ അകക്കണ്ണിൽ മാത്രം കാണുന്ന ഈ അധ്യാപകർ കംപ്യൂട്ടർ പരിശീലനത്തിലാണ്. വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് തയാറാക്കൽ, ടൈപ്പിങ്, ശബ്ദം റെക്കോർഡ് ചെയ്യൽ തുടങ്ങി ഹൈടെക് ആകുന്ന പൊതുവിദ്യാഭ്യാസത്തിനൊപ്പം ഓടിയെത്താൻ ഇവരും പ്രാപ്തരാവുകയാണ്. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഐ.ടി പരിശീലനം അധ്യാപകരുടെ വാർഷിക പരിശീലന പദ്ധതിയിലുള്ളതാണ്. എന്നാൽ കാഴ്ചയ്ക്ക് പരിമിതിയുള്ള അധ്യാപകർക്ക് പരിശീലനവേളയിൽ വെറുതെയിരിക്കാൻ മാത്രമാണ് സാധിച്ചിരുന്നത്. കാഴ്ച പരിമിതരുടെ സംഘടന ഇക്കാര്യം സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സംസ്ഥാനത്തെ മുന്നൂറോളം വരുന്ന സർക്കാർ അധ്യാപകർക്കായി പ്രത്യേക പരിശീലന പദ്ധതി തയാറാക്കിയത്. ടൈപ്പ് ചെയ്യുന്നതെന്തും ശബ്ദനിർദേശമായി തിരികെ പറയുന്ന ഓർക സോഫ്റ്റ്്വെയർ ഉപയോഗിച്ചാണ് പരിശീലനം. വിദ്യാഭ്യാസ വകുപ്പിൻറെ ഐ.ടി പരിശീലനത്തിനുള്ള കൈറ്റിലാണ് ഓരോ ജില്ലയിലെയും പരിശീലനത്തിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.

പതിവിൽനിന്ന് വിപരീതമായി ആത്മവിശ്വാസമുണ്ടാക്കാൻ ഇത്തവണത്തെ പരിശീലനംകൊണ്ട് സാധിച്ചുവെന്ന് അധ്യാപകർ പറയുന്നു. കാഴ്ച പരിമിതരായ അധ്യാപകർക്ക് മാത്രമായി ലാപ്ടോപ്പും അനുബന്ധ സംവിധാനങ്ങളും അനുവദിക്കാനും, കൃത്യമായ ഇടവേളകളിലെ തുടർപരിശീലനത്തിനുമുള്ള ക്രമീകരണമുണ്ടാക്കിയെങ്കിലേ ലക്ഷ്യം പൂർത്തികരിക്കാൻ സാധിക്കൂവെന്നും പരിശീലനത്തിനെത്തിയവർ പറഞ്ഞു.

MORE IN SOUTH
SHOW MORE