ചാലയിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു

chala
SHARE

തിരുവനന്തപുരം പഴവങ്ങാടി തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ ചാല കേന്ദ്രീകരിച്ച് പുതിയ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തീപിടുത്ത സാധ്യത ഏറെയുള്ള ഇവിടെ ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ഒരു പതിറ്റാണ്ടായുള്ള ആവശ്യത്തിനുനേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നാണ് പരാതി. പത്മനാഭസ്വാമി ക്ഷേത്രം കൂടി ഉള്‍പ്പെടുന്ന അതീവസുരക്ഷാമേഖലയിലാണ് അഗ്നിബാധ നേരിടാനുള്ള ഒരു സൗകര്യവുമില്ലാത്തത്. 

പഴവങ്ങാടി ചെല്ലം അംബ്രല്ലാമാര്‍ട്ട് നിമിഷങ്ങള്‍ കൊണ്ട് കത്തിനശിച്ചതോടെ ഇവിടത്തെ വ്യാപാരിസമൂഹവും താമസക്കാരും കടുത്ത ആശങ്കയിലാണ്. പഴവങ്ങാടി, കിഴക്കേക്കോട്ട, തകരപ്പറമ്പ്, ചാല, ആര്യശാല എന്നീപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വ്യാപാരമേഖലയില്‍ മാത്രം രണ്ടായിരത്തിലേറെ കടകളാണുള്ളത്. ഇതിന് പുറമെ തൊട്ടുതൊട്ട് നിരവധി വീടുകളും. ഏതുനിമിഷവും ഉണ്ടായേക്കാവുന്ന വന്‍ദുരന്തത്തെക്കുറിച്ചുള്ള ഭീതിയിലാണ് ഇവരെല്ലാം. തീപിടുത്തമുണ്ടായാല്‍ രണ്ടുകിലോമീറ്റര്‍ ദൂരെയുള്ള ചെങ്കല്‍ച്ചൂളയില്‍ നിന്നോ അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള ചാക്കയില്‍ നിന്നോവേണം നഗരത്തിലെ തിരക്ക് മറികടന്ന് ഫയര്‍യൂണിറ്റ് എത്താന്‍. അപ്പോഴേക്കും തീ നിയന്ത്രണാതീതമായിട്ടുണ്ടാകും. വിവരമറിയിച്ച് അരമണിക്കൂര്‍ കഴിഞ്ഞാണ് ചെല്ലം അംബ്രല്ലാമാര്‍ട്ടിലെ തീയണയ്ക്കാന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഗരുഡ യൂണിറ്റ് എത്തിയത്. 

പത്മനാഭസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ചോ ചാല കേന്ദ്രീകരിച്ചോ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം വര്‍ഷങ്ങളായി സര്‍ക്കാര്‍ അവഗണിക്കുകയാണ്. പലയിടത്തും ഇടവഴികള്‍ മാത്രമുള്ള ചാലയില്‍ നിശ്ചിതഅകലത്തില്‍ തീയണയ്ക്കാന്‍ വെള്ളമെത്തിക്കാനുള്ള സ്ഥിരം സംവിധാനം വേണമെന്നും നിര്‍ദേശിക്കപ്പെട്ടിരുന്നു. ഇതും കടലാസ് പദ്ധതിയായി മാറി. മറ്റൊരു ദുരന്തമുണ്ടാകുന്നതിന് മുമ്പ് ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

MORE IN SOUTH
SHOW MORE