തിരുവല്ല ടൗൺഹാളിൽ കണ്ടെത്തിയ ദുരന്തനിവാരണ ഉപകരണങ്ങളുടെ കണക്കെടുക്കും

life-jackets
SHARE

തിരുവല്ല ടൗൺഹാളിൽ കണ്ടെത്തിയ കോടിക്കണക്കിന് രൂപയുടെ ദുരന്തനിവാരണ ഉപകരണങ്ങളുടെ കണക്കെടുപ്പും തുടർനടപടികളും അടിയന്തിരമായി പൂർത്തീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം. ഉപകരണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ കലക്ടർ, തിരുവല്ല സബ് കലക്ടറെ ചുമതലപ്പെടുത്തി. മനോരമ ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. 

ആയിരത്തോളം ലൈഫ് ജാക്കറ്റുകളും, നൂറുകണക്കിന് ലൈഫ് ബോയകളും, നൂറിലധികം അസ്കലൈറ്റുകളുമാണ് തിരുവല്ല ടൌൺഹാളിൽ ഇന്നലെ കണ്ടെത്തിയത്. മനോരമ ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ തിരുവല്ല സബ് കലക്ടർ ഡോ.വിനയ് ഗോയൽ സ്ഥലത്തെത്തി ഉപകരണങ്ങൾ പരിശോധിച്ചു. പൂർണമായും ഉപയോഗക്ഷമമായ ഉപകരണങ്ങൾ കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ടോടെ തിരുവല്ലയിലെത്തിച്ചതായാണ് വിവരം. കണ്ടെയ്നറിൽ തിരുവല്ലയിലെത്തിച്ച ഉപകരങ്ങൾ ആദ്യം തിരുവല്ലയിലെ കൂടാരപ്പള്ളിയിലും പിന്നീട് അവിടെനിന്ന് ടൗൺഹാളിലും എത്തിച്ചു. പെട്ടികളിൽ ദേശീയ ദുരന്തനിവാരണ സേനയുടെ ഉപകരണങ്ങളെന്ന സൂചനയുള്ളതിനാൽ അവരുമായും ബന്ധപ്പെടുന്നതിനുള്ള ശ്രമം ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. അപകടസ്ഥലങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലുമെല്ലാം പ്രകാശത്തിനായി ഉപയോഗിക്കുന്ന വലിയ ടവർ ആകൃതിയിലുള്ള അസ്കലൈറ്റുകൾക്ക് ഒരെണ്ണത്തിന് ഒന്നരലക്ഷത്തിലധികം രൂപവിലവരും.

അഗ്നിശമനസേനാ ഉദ്യോഗസ്ഥരും ഉപകരണങ്ങൾ പരിശോധിച്ച് ഉപയോഗയോഗ്യമാണെന്ന് വിലയിരുത്തി. കോടിക്കണക്കിന് രൂപ  വിലവരുന്ന ഉപകണങ്ങൾ ജില്ലയിലെ അഗ്നിശമന സേനയ്ക്ക് കൈമാറിയാൽ പ്രളയമടക്കമുള്ള സന്ദർഭങ്ങളിൽ ഏറെ പ്രയോജനപ്പെടുമെന്ന് ഉദ്യോഗസ്ഥർ സബ് കലക്ടറെ അറിയിച്ചു. ഉപകരണങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് വ്യക്തത വരുത്തിയശേഷം വിതരണത്തിനുള്ള നടപടി സ്വീകരിക്കാനാണ് ജില്ലാഭരണകൂടത്തിൻറെ നീക്കം. 

അപകടാവസ്ഥയിലുള്ള കെട്ടിടം തുറന്ന് പരിശോധിച്ചപ്പോഴാണ് ഉപകരണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടെത്തിയത്.

MORE IN SOUTH
SHOW MORE