ഓടനിർമാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

Vaikom
SHARE

വൈക്കം വെച്ചൂരില്‍ റോഡ് പൂര്‍ണമായും അടച്ച് പഞ്ചായത്ത് നടത്തുന്ന ഓട നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. യാത്രാമാര്‍ഗം തടസപ്പെടുത്തിയതിന് പുറമെ പ്രദേശത്തെ വീടുകളിലേക്കുള്ള കുടിവെള്ള വിതരണവും നിര്‍മാണത്തെ തുടര്‍ന്ന് തടസപ്പെട്ടു. അനാവശ്യമായ ഓട നിര്‍മാണം അഴിമതി ലക്ഷ്യമിട്ടാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

വെച്ചൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ റാണിമുക്ക് പള്ളിപ്പാലം റോഡ് കുത്തിപൊളിച്ചാണ് ഓട നിര്‍മാണം പുരോഗമിക്കുന്നത്. നാല് കോളനികളിലായി അഞ്ഞൂറിലേറെ കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. കോളനിയിലെ താമസകാര്‍ക്ക് പുറത്തുകടക്കാനുള്ള ഏകമാര്‍ഗമായിരുന്ന റോഡാണ് ഒരാഴ്ച മുന്‍പ് കുത്തിപ്പൊളിച്ചത്. കാല്‍നടയാത്ര പോലും അസാധ്യമായി. കലുങ്ക് നിര്‍മാണത്തിനിടെ കുടിവെള്ള പൈപ്പുകള്‍ പൊട്ടി ടെലിഫോണ്‍ കേബിളുകളും തകര്‍ന്നു. വീടുകളില്‍ കുടിവെള്ളം എത്തിക്കാന്‍ കോളനിവാസികള്‍ പെടാപ്പാട് പെടുകയാണ്. സ്കൂളില്‍ പോകാന്‍ വിദ്യാര്‍ഥികള്‍ക്ക് ആഴമുള്ള തോട് ചാടികടക്കേണ്ട ഗതികേടിലാണ്. 

വെള്ളം ഒഴുകിയെത്താന്‍ ഒരു സാധ്യതയുമില്ലാത്ത ഇടത്താണ് ഓട നിര്‍മാണമെന്നത് അഴിമതി ആരോപണം ശരിവെക്കുന്നു. നാല് ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. നാട്ടുകാര്‍ പരാതിയുമായെത്തിയതോടെ കരാറുകാരനെ കുറ്റപ്പെടുത്തി കയ്യൊഴിയുകയാണ് പഞ്ചായത്ത് അധികൃതര്‍. 

MORE IN SOUTH
SHOW MORE