മത്സ്യതൊഴിലാളികൾക്ക് ഭീഷണിയായി വേമ്പനാട്ട് കായലിലെ ചീനവലകൾ

cheenavala
SHARE

വേമ്പനാട്ട് കായലിലെ അനധികൃത ചീനവലകൾ മത്സ്യതൊഴിലാളികൾക്ക് ഭീഷണിയാകുന്നു. വൈക്കം മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ഞൂറോളം ചീനവലകളാണ് മത്സ്യസമ്പത്തിനും തൊഴിലാളികൾക്കും ഭീഷണിയാകുന്നത്. ഫിഷറീസ് വകുപ്പിന്‍റെ അനുമതി പോലുമില്ലാതെയാണ് ചീനവലകളുടെ പ്രവര്‍ത്തനം. 

വൈക്കത്ത് വേമ്പനാട്ട് കായലിൽ ഒരു ചീനവലക്ക് മാത്രമാണ് ഫിഷറീസ് വകുപ്പ് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ തണ്ണീർമുക്കം ബണ്ടിന്റെ ഇരുവശങ്ങളിലടക്കം  വൈക്കം മേഖലയിൽ നൂറുകണക്കിന് ചീനവലകള്‍ സ്ഥാപിച്ചിട്ടുണ്ട്.. സർക്കാർ ജീവനക്കാരും വന്‍കിടക്കാരുമാണ് മിക്ക ചീനവലകളുടെയും ഉടമകള്‍. ഫിഷറീസ് വകുപ്പ് നിരോധിച്ച ചെറിയ കണ്ണികളുള്ള വലകളാണ് ഇവർ ഉപയോഗിക്കുന്നത്. ചീനവലകളിൽ മത്സ്യങ്ങളെ ആകർഷിക്കാൻ കൂടിയ വോൾട്ടേജുള്ള ഒന്നിലധികം ബൾബുകൾ ഉപയോഗിക്കുന്നുണ്ട്.  ലൈറ്റ് ഫിഷിംഗിന് ഫിഷറീസ് വകുപ്പ് നിരോധനമുണ്ടായിട്ടുംചീനവലകളിൽഇത് വ്യാപകമായി ഉപയോഗിക്കുന്നത് മത്സ്യസമ്പത്തിന്‍റെ നാശത്തിനും ഇടയാക്കി.   വൻകിടക്കാർ കായലിൽ വ്യാപകമായി വലകൾ സ്ഥാപിച്ചതോടെ സാധാരണ മത്സ്യതൊഴിലാളികളുടെ ഉപജീവന മാര്‍ഗവും ഇല്ലാതായി.

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യാതൊരു സുരക്ഷയുമില്ലാതെയാണ് ചീനവലകളിൽ വൈദ്യുതി എത്തിച്ചിരിക്കുന്നത്. കായലിലൂടെ ഇട്ടിരിക്കുന്ന വൈദ്യുതി ലൈനുകളിൽ തട്ടി മത്സ്യതൊഴിലാളികൾ അപകടത്തിൽപെടുന്നതും പതിവാണ്. വ്യാപകമായി വൈദ്യുതി മോഷണം നടക്കുമ്പോളും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. നഗ്നമായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപടി ഒഴിവാക്കുകയാണ്. 

MORE IN SOUTH
SHOW MORE