പ്രദേശവാസികൾക്ക് ഭീഷണിയായി എച്ച്എൻഎല്ലിന്റെ മാലിന്യം

waste
SHARE

വൈക്കം വെള്ളൂർ എച്ച്എന്‍എല്ലില്‍ നിന്ന് പുറത്തേക്കൊഴുകുന്ന മാലിന്യം വീണ്ടും പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു.  കമ്പനിയുടെ മാലിന്യം തള്ളുന്ന കേന്ദ്രത്തിലെ മണ്ണ് കൊണ്ട് നിർമ്മിച്ച  പുറംബണ്ട് കഴിഞ്ഞ ദിവസം തകര്‍ന്നു. പുറത്തേക്കൊഴുകിയ മാലിന്യം പത്തേക്കറിലധികം സ്ഥലത്ത് വ്യാപിച്ചു.

എച്ച്എന്‍എല്ലിന്‍റെ മാലിന്യ നിക്ഷേപം മൂവാറ്റുപുഴയാറിനെ മലിനമാക്കിയതിനു പിന്നാലെയാണ് പുതിയ സംഭവം. കമ്പനിയില്‍ നിന്ന് പുറംതള്ളുന്ന മാലിന്യം പ്രാഥമിക ശുചീകരണത്തിനു ശേഷം നീക്കം ചെയ്യുന്നതിനിടെയാണ് മണ്ണ് കൊണ്ട് നിർമ്മിച്ച ഭിത്തി തകർന്നത്. ഇതോടെ രാസമാലിന്യ മടക്കം പുറത്തേക്കൊഴുകി. റയിൽവെ പാലത്തിനടിയിലൂടെ പാടശേഖരത്തിലുള്‍പ്പെടെ കറുത്ത നിറത്തിലുള്ള മാലിന്യം ഒഴുകിയെത്തി. കെട്ടികിടന്ന മാലിന്യം പ്രദേശത്തെ ജലസ്രോതസുകളിലേക്കും വ്യാപിച്ചു. നിലവിൽ രോഗഭീതിക്കു പുറമെ കിണറുകളും മലിനമായതോടെ പരിഭ്രാന്തിയിലാണ് പ്രദേശവാസികള്‍.

ബണ്ട് പൊട്ടിയതിന് പിന്നാലെ ടിപ്പറിൽമണ്ണ് എത്തിച്ച് തടഞ്ഞതിനാല്‍ മാലിന്യം മൂവാറ്റുപുഴയാറിലേക്ക് എത്തുന്നത് തടയാനായി. മാലിന്യകേന്ദ്രത്തിന്‍റെ ഭിത്തി മണ്ണ് ഉപയോഗിച്ച് പുനസ്ഥാപിക്കാന്‍ തന്നെയാണ് കമ്പനിയുടെ ശ്രമം.എച്ച്എന്‍എലിന്‍റെ ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലാണ് മാലിന്യം കെട്ടിക്കിടക്കുന്നതെങ്കിലും നൂറുകണക്കിന് സമീപവാസികളാണ് ദുരിതംപേറുന്നത്. വെള്ളൂർ, കല്ലുവേലി, തണ്ണിപ്പിളളി തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് ഇത് നേരിട്ട് ബാധികുന്നത്. ശുദ്ധജലമെത്തിക്കുന്നതിനും രോഗപ്രതിരോധത്തിനും നടപടി ഉണ്ടായില്ലെങ്കിൽ പ്രദേശത്ത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കാകും വഴിവെക്കുക. 

MORE IN SOUTH
SHOW MORE