ദേശീയ പാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി

kottayam
SHARE

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ദേശീയ പാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. പൊതുസ്ഥലങ്ങളില്‍ തള്ളുന്ന മാലിന്യം കുടിവെള്ള സ്രോതസുകളിലേക്കാണ് ഒഴുകിയെത്തുന്നത്. നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും മാലിന്യം തള്ളല്‍ തടയാന്‍ നടപടിയില്ല. 

കാഞ്ഞിരപ്പള്ളി താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിലാണ് രാത്രിയുടെ മറവില്‍ റോഡരികില്‍ കക്കൂസ് മാലിന്യം തള്ളുന്നത് .  ദേശിയ പാത 183 ൽ ചിറ്റടി ടൗണിനു സമീപമാണ് ഒടുവില്‍ മാലിന്യം നിക്ഷേപിച്ചത്. റോഡരുകില്‍ കലുങ്കിന് സമീപം നിക്ഷേപിച്ച മാലിന്യം രാവിലെ ചിറ്റടി തോട്ടിലേക്ക് ഒഴുകിയെത്തി. പ്രദേശത്തെ നിരവധി ഗ്രാമങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത് ഈ തോട്ടില്‍ നിന്നാണ്. മുട്ടമറ്റം ജലപദ്ധതിയുടെ ഭാഗമായുള്ള ചെക്ക്ഡാമും ഇവിടെ സ്ഥിതിചെയ്യുന്നു. വീടുകളില്‍ കുടിക്കാനും പാചകത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.  മഴ പെയ്തതോടെ കൂടുതല്‍ കുടിവെള്ള സ്രോതസിലേക്കും മാലിന്യം കലര്‍ന്നതായും സംശയിക്കുന്നു. 

കൊച്ചിയില്‍ നിന്നും സമീപത്തെ മറ്റ് ടൗണുകളില്‍ നിന്നും എത്തിക്കുന്ന കക്കൂസ് മാലിന്യമാണ് മലയോരമേഖലയില്‍ ഒഴുക്കുന്നത് . പുലര്‍ച്ചെയെത്തുന്ന ടാങ്കറുകള്‍ വഴിയരികില്‍ നിര്‍ത്തിയിട്ട ശേഷം മാലിന്യം പുറത്തേക്കൊഴുക്കും. കുടിവെള്ള സ്രോതസുകളിലേക്ക് മാലിന്യം ഒഴുകിയെത്തുന്നതോടെ പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതയുമേറി. തോടുകളിലെ വെള്ളത്തിന്‍റെ നിറംമാറ്റവും സംശയം വര്‍ധിപ്പിക്കുന്നു. കുടിവെള്ള സ്രോതസുകളില്‍ നിന്ന് സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പൊലീസ് പട്രോളിങ് ശക്തിയാക്കി മാലിന്യം തള്ളുന്നവരെ നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

MORE IN SOUTH
SHOW MORE