കെട്ടിട നിർമാണ അനുമതി; കോർപറേഷന്റെ സ്വകാര്യ സോഫ്റ്റ് വെയർ പരാജയം

trivandrum-corporation-software
SHARE

കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നടപ്പാക്കിയ സ്വകാര്യ സോഫ്റ്റ് വെയര്‍ പരാജയം. ലഭിച്ച 370 അപേക്ഷകളില്‍ ആറെണ്ണത്തിന് മാത്രമാണ് അനുമതി നല്‍കാനായത്. IBPMS സോഫ്റ്റ് വെയറിന്റെ പോരായ്മയാണ് കാരണമെന്ന് വ്യക്തമായിട്ടും മറ്റ് കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഇത് നടപ്പാക്കിയതിനുപിന്നില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.

സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ സങ്കേതത്തിന് പകരം ഐബിപിഎംഎസ് എന്ന സ്വകാര്യകമ്പനിയുടെ സോഫ്റ്റ് വെയര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ നടപ്പാക്കിയത് ഒക്ടോബര്‍ ആദ്യമാണ്. 15 ദിവസം കൊണ്ട് കെട്ടിടനിര്‍മാണത്തിന് പൂര്‍ണമായും ഓണ്‍ലൈന്‍ വഴി അനുമതി എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും നൂറുകണക്കിനാളുകള്‍ അനുമതി തേടി കോര്‍പറേഷന്‍ വരാന്ത കയറിയിറങ്ങുകയാണ്. വിവരാവകാശപ്രകാരം നഗരസഭ ഡിസംബര്‍ മൂന്നിന് നല്‍കിയ മറുപടി ഇങ്ങനെ– ലഭിച്ച അപേക്ഷകള്‍ 370, അനുമതി നല്‍കിയത് ആറെണ്ണത്തിനും. കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂള്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് വലിയ ന്യൂനത. 

തിരുവനന്തപുരം കോര്‍പറേഷനിലെ അനുഭവം മുന്നിലുണ്ടായിട്ടും തദ്ദേശസ്വയംഭരണവകുപ്പ് പിന്‍മാറിയില്ല. പിന്നാലെ എല്ലാ കോര്‍പറേഷനുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും സ്വകാര്യസോഫ്റ്റ് വെയര്‍ കൊണ്ടുവന്നു. എല്ലായിടത്തും ഫലം ഒന്നുതന്നെ. അടുത്തമാസം മുതല്‍ എല്ലാ മുനിസിപ്പാലിറ്റികളും പുതിയ സോഫ്റ്റ് വെയര്‍ നടപ്പാക്കണമെന്ന് ഉത്തരവും ഇറക്കി. പ്രതിഷേധം ശക്തമാകുമ്പോഴും സോഫ്റ്റ് വെയറിന് പോരായ്മയുണ്ടെന്ന് സമ്മതിച്ചുതരാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമൂലമാണ് കാലതാമസമുണ്ടാകുന്നതെന്നാണ് നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.