ഹര്‍ത്താലില്‍ തിരുവനന്തപുരം ജില്ലയില്‍ വന്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

tvm-attack3
SHARE

ശബരിമല കര്‍മ സമിതിയുടെ ഹര്‍ത്താലില്‍ തിരുവനന്തപുരം ജില്ലയില്‍ നഗര ഗ്രാമവ്യത്യാസമില്ലാതെ വന്‍ സംഘര്‍ഷം. മലയിന്‍കീഴും നെടുമങ്ങാടും സി.പി.എം...ബി.ജെ.പി പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞ് ഏറ്റുമുട്ടി. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. വിവിധയിടങ്ങളിലായി ഇരുപതിലേറെ കടകള്‍ തകര്‍ന്നതിനൊപ്പം സി.ഐ അടക്കം എട്ട് പൊലീസുകാര്‍ക്കും പരുക്കേറ്റു.

ഒന്നര മണിക്കൂറോളം നീണ്ട യുദ്ധസമാന സാഹചര്യമാണ് മലയിന്‍കീഴുണ്ടായത്. ഹര്‍ത്താലിന്റെ ഭാഗമായുള്ള ബി.ജെ.പിയുടെ മാര്‍ച്ചിനെ എതിര്‍ത്ത് സി.പി.എമ്മും രംഗത്തെത്തിയതോടെയാണ് കരിങ്കല്ലുകള്‍ വാരി പരസ്പരം എറിഞ്ഞ് തുടങ്ങിയത്. പ്രവര്‍ത്തകര്‍ തലപൊട്ടി വീണിട്ടും ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഒടുവില്‍ ലാത്തിവീശി ഇരുകൂട്ടരെയും ഓടിച്ചാണ് സ്ഥിതി നിയന്ത്രണത്തിലാക്കിയത്. കാട്ടാക്കട സി.ഐ അടക്കം അഞ്ച് പൊലീസുകാര്‍ക്കും ഇരുപതിലേറെ പ്രവര്‍ത്തകര്‍ക്കും പരുക്കുണ്ട്..

പൊലീസ് സ്റ്റേഷന് മുന്നില്‍ െപട്രോള്‍ ബോംബെറിയുന്ന സാഹചര്യമാണ് നെടുമങ്ങാടുണ്ടായത്. ബാങ്ക് അടപ്പിക്കാന്‍ ബി.ജെ.പിയും തടയാന്‍ സി.പി.എമ്മും ശ്രമിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. ഇരുകൂട്ടരും പൊലീസ് സ്റ്റേഷന് മുന്നില്‍ തമ്പടിച്ചപ്പോളാണ് സി.പി.എം പ്രവര്‍ത്തകരുടെ നേര്‍ക്ക് ബി.ജെ.പിക്കാര്‍ ബോംബെറിഞ്ഞത്. പൊലീസ് വാഹനവും തകര്‍ത്തു. എസ്.ഐക്കടക്കം പരുക്കേറ്റു. സംഘര്‍ഷത്തിന് ശേഷം നാല് സി.പി.എമ്മുകാരുടെയും മൂന്ന് ബി.ജെ.പിക്കാരുടെയും വീടിന് നേരെയും അക്രമമുണ്ടായി.

നഗരത്തില്‍ ബി.ജെ.പി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിനിടെയായിരുന്നു മറ്റൊരു അക്രമം. വ്യാപാരസ്ഥാപനം എറിഞ്ഞ് തകര്‍ക്കുകയും സഹകരണസമ്മേളനത്തിന്റെ ഭാഗമായുള്ള സി.പി.എമ്മിന്റെ സംഘാടകസമിതി ഓഫീസ് അടിച്ച് തകര്‍ക്കുകയും ചെയ്തു. വൈകിട്ടോടെ സ്ഥിതി ശാന്തമായെങ്കിലും സംഘര്‍ഷസാധ്യത തുടരുകയാണ്.

MORE IN SOUTH
SHOW MORE