കുമരകം കാഞ്ഞിരം ബോട്ട് ജെട്ടി റോഡ് തകർന്നു

kumarakam-road
SHARE

രണ്ട് കോടിയിലേറെ രൂപ ചെലവഴിച്ച് ഒരാഴ്ച മുന്‍പ് നിര്‍മിച്ച കുമരകം കാഞ്ഞിരം ബോട്ട് ജെട്ടി റോഡ് തകര്‍ന്നു. ടാറിങ്ങ് നടത്തി തൊഴിലാളികള്‍ മടങ്ങിയതിന് തൊട്ടു പിന്നാലെ ടാറ് പാളികളായി അടര്‍ന്നുപോയി. റോഡ് നിര്‍മാണത്തില്‍ അഴിമതി ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. 

ടൂറിസം കേന്ദ്രമായ കുമരകത്തേക്കുള്ള പ്രധാന റോഡിലാണ് അശാസ്ത്രീയമായി ടാറിങ് നടത്തിയത്. രാജ്യാന്തര നിലവാരത്തിലുള്ള റോഡ് നിര്‍മിക്കുമെന്ന പ്രഖ്യാപനത്തോടെ രണ്ട് കോടി രൂപ കാഞ്ഞിരം ബോട്ട് ജെട്ടി റോഡിന് പൊതുമരാമത്ത് വകുപ്പ് നീക്കിവെച്ചു. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച റോഡിന്‍റെ നിര്‍മാണം ഇടയ്ക്ക് നിലച്ചു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗതെത്തിയതോടെ ടാറിങ്ങ് പുനരാരംഭിച്ചു.  കഴിഞ്ഞ ആഴ്ച ടാറിങ് പൂര്‍ത്തിയാക്കി കരാറുകാരും ഉദ്യോഗസ്ഥരും മടങ്ങി. നിര്‍മാണത്തിനെത്തിച്ച റോഡ് റോളര്‍ കടന്നുപോയപ്പോള്‍ തന്നെ ടാറിന്‍റെ മികവ് നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. വാഹനങ്ങള്‍ കടന്നുപോകുന്നതിന് അനുസരിച്ച് റോഡിലെ ടാര്‍ പാളികളായി അടര്‍ന്നുപോയി. 

കാഞ്ഞിരം ബസ് സ്റ്റാന്‍ഡിനു സമീപത്താണ് കൂടുതല്‍ ടാര്‍ അടര്‍ന്നുപോയത്. അശാസ്ത്രീയമായി ടാറിങ്ങ് നടത്തിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗതെത്തി. മിക്കയിടങ്ങളിലും ടാറിന് ഒരു സെന്‍റീമീറ്റര്‍ കനം പോലുമില്ല.  വര്‍ഷക്കാലത്ത് റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെടുന്ന സ്ഥിതിയായിരുന്നു. ഇതിന് പരിഹാരമായി റോഡ് മണ്ണിട്ട് ഉയര്‍ത്തിയാണ് ടാറിങ് നടത്തി. വ്യാപക പരാതി ഉയര്‍ന്നിട്ടും പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കാന്‍ തയ്യാറായിട്ടില്ല.

MORE IN SOUTH
SHOW MORE