രണ്ടുപതിറ്റാണ്ടായി തരിശുകിടന്ന ആയിരം ഏക്കർ; കൃഷിയിറക്കി നാട്ടുകാരും ഹരിതകേരള മിഷനും

thiruvalla-farming
SHARE

രണ്ടുപതിറ്റാണ്ടായി തരിശുകിടന്ന തിരുവല്ല കവിയൂർ പുഞ്ചയിൽ നിലമൊരുക്കൽ തുടങ്ങി. ഹരിതകേരള മിഷനുമായി സഹകരിച്ചാണ്  ആയിരം ഏക്കറിൽ കൃഷിയിറക്കുന്നത്. 40മെട്രിക് ടൺ വിത്ത് ലഭ്യമാക്കാനുള്ള നടപടികൾ കൃഷിവകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.

കവിയൂർ പുഞ്ചയിലെ ആവുങ്ങാട്ടിക്കളം ഭാഗത്ത് പ്രതീക്ഷയുടെ മുരൾച്ചയുമായി ഈ ട്രാക്ടറുകൾ മണ്ണിനോടും പുല്ലിനോടും മല്ലിടുകയാണ്. ഇരുപത് വർഷത്തിലേറെയായി കൃഷിയില്ലാതിരുന്ന കവിയൂർ പുഞ്ചയിലെ ആയിരം ഏക്കറിലും വിത്തിറക്കുകയെന്ന വലിയ ലക്ഷ്യത്തിൻറെ തുടക്കം മാത്രമാണിത്. തിരുവല്ല നഗരസഭാ, കുന്നന്താനം ,കവിയൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പുഞ്ച വീണ്ടെടുക്കാനായി ഹരിതകേരള മിഷൻറെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നാട്ടുകാരും കൈകോർത്താണ് ശ്രമം തുടങ്ങിയത്. 

ഇതിൻറെ ഭാഗമായി കവിയൂർ വലിയ തോടിൻറെയും കുറ്റപ്പുഴത്തോടിൻറെയും ഒഴുക്കു വീണ്ടെടുത്തു. തുടർന്നാണ് പുഞ്ചയിൽ നിലമൊരുക്കൽ തുടങ്ങിയത്. നവംബർ അവസാനത്തോടെ നിലമൊരുക്കൽ പൂർത്തിയാക്കി കവിയൂർ പുഞ്ചയിൽ വിത്തെറിയാനാണ് പദ്ധതി. തൊണ്ണൂറ് മെട്രിക് ടൺ വിത്ത് കൃഷിവകുപ്പ് ലഭ്യമാക്കും.

വർഷങ്ങളായി കൃഷിയില്ലാതെ കിടക്കുന്ന പാടമായതിനാൽ നിലമൊരുക്കലിന് സമയമെടുക്കും. പുഞ്ചയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഒരേസമയം നിരവധി ട്രാക്ടറുകളിറക്കി അതിവേഗത്തിൽ നിലമൊരുക്കൽ പൂർത്തിയാക്കാനാണ് തീരുമാനം. പ്രദേശത്തെ കാർഷികമേഖലയുടെ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമം പുതുതലമുറയ്ക്കും പ്രചോദനമാകുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു.

MORE IN SOUTH
SHOW MORE