അറ്റകുറ്റപ്പണിക്കായി റെയിൽവെ നടപ്പാലം അടച്ചിട്ട് മാസങ്ങൾ: ഇതുവരെ തുറന്നുനൽകിയില്ല

velloor-railway
SHARE

വൈക്കം വെള്ളൂരിൽ റയിൽവെ നടപ്പാലം തുറക്കാത്തതിനാൽ മുവാറ്റുപുഴയാറിന് കുറുകെ നാട്ടുകാരുടെ അപകട യാത്ര. അറ്റകുറ്റപണിക്കായി മാസങ്ങൾക്ക് മുമ്പ് അടച്ച നടപ്പാലം തുറക്കാത്തതിനാല്‍ റയില്‍പാളത്തിലൂടെ പുഴ കടക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. പണം മുടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം നടപ്പാലത്തിന്‍റെ അറ്റകുറ്റപണികളും മുടങ്ങി. 

1995ലാണ് വെള്ളൂരില്‍ മൂവാറ്റുപുഴയാറിന് കുറുകെ റയില്‍വെ നടപ്പാലം നിർമ്മിച്ചത്. വെള്ളൂർ HNL ലേക്കുള്ള തൊഴിലാളികളടക്കം ആയിരകണക്കിനാളുകളാണ് ഇതുവഴി കടന്നുപോകുന്നത്. തോന്നല്ലൂർ, കരിപ്പട്ടൂർ, വരിക്കാംകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വെള്ളൂരിലെത്താനുള്ള എളുപ്പവഴി കൂടിയാണിത്. പാലം തകര്‍ന്ന് യാത്ര ദുസഹമായതോടെ അറ്റകുറ്റപണി നടത്താന്‍ തീരുമാനിച്ചു. മൂന്ന് മാസം മുന്‍പ് ജോലികള്‍ക്കായി നടപ്പാലം അടച്ചു പക്ഷെ ഒരു പണിയും ഇതുവരെ നടന്നില്ല. സ്കൂൾ കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകൾക്കാണ് ദിനംപ്രതി മൂവാറ്റുപുഴയാറിനു കുറുകെ 150 മീറ്ററോളം വരുന്ന പാളം ഭീതിയോടെ താണ്ടേടത്. 

പാളത്തില്‍ അറ്റകുറ്റപണി നടത്തുന്ന തൊഴിലാളികൾക്കായി നിർമ്മിച്ച നടപ്പാലത്തിൽ കയറിയാണ് ട്രെയിന്‍ വന്നാൽ നാട്ടുകാർ രക്ഷപ്പെടുന്നത്. അറ്റകുറ്റപണിക്കാവശ്യമായ 38 ലക്ഷം രൂപ മുടക്കുന്നതിനെ ചൊല്ലി പഞ്ചായത്തും റയില്‍വെയും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. നിർമാണ ചുമതല റയിൽവെയ്ക്കാണെങ്കിലും ഡിപ്പോസിറ്റ് വർക്കായതിനാൽ അറ്റകുറ്റപണി നടത്താനാവില്ലെന്നാണ് റയില്‍വെയുടെ നിലപാട്. നിര്‍മാണത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം റയില്‍വെയ്ക്കാണെന്ന് പഞ്ചായത്തും നിലപാടെടുത്തതോടെ വെട്ടിലായത് നാട്ടുകാരാണ്. നടപ്പാലം തുറക്കാൻ നിരവധി പ്രതിഷേധ സമരങ്ങൾ നടന്നുവെങ്കിലും പഞ്ചായത്തും റയില്‍വെ അധികൃതരും കണ്ട ഭാവം നടിച്ചില്ല.  

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.