നിലയ്ക്കലിൽ ആധുനിക ജലസംഭരണിയൊരുങ്ങുന്നു

nilakkal-water-tank
SHARE

മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി ഓസ്ട്രേലിയന്‍ സാങ്കേതികവിദ്യാ മികവില്‍ നിലയ്ക്കലില്‍ കുടിവെള്ള സംഭരണിയൊരുങ്ങുന്നു. അഞ്ചരലക്ഷം ലീറ്റര്‍വീതം ശേഷിയുള്ള മൂന്ന് ടാങ്കുകളാണ് നിര്‍മിക്കുന്നത്. ഒരുകോടിയോളം രൂപ ചെലവിലാണ് നിര്‍മാണം.

ഓസ്ട്രേലിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന റൈനോ ടാങ്കുകളാണ് ഇത്തവണ നിലയ്ക്കലിലെ കുടിവെള്ള സംഭരണ കേന്ദ്രങ്ങള്‍ . പ്രത്യേക സ്റ്റീല്‍ പുറംപാളിയും അകത്ത് മെറ്റലോസീന്‍ എന്ന പദാര്‍ഥംകൊണ്ടുള്ള ആന്തരിക ആവരണവുമാണ് റൈനോ ടാങ്കുകളുടെ പ്രത്യേകത. നിര്‍മാണസ്ഥലത്തെത്തിച്ച് കൂട്ടിയോജിപ്പിക്കുന്നതിനാല്‍ ഒരാഴ്ചപോലുമെടുക്കാതെ ടാങ്ക് പൂര്‍ത്തിയാകും. അഞ്ചരലക്ഷം ലീറ്റര്‍ ശേഷിയുള്ള ആദ്യ ടാങ്കിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കി രണ്ടെണ്ണം അവസാനഘട്ടത്തിലാണ്. ഇരുപത്തിയയ്യായിരം മുതല്‍ ഇരുപത്തിയഞ്ച് ലക്ഷം ലീറ്റര്‍വരെ ശേഷിയുള്ള ടാങ്കുകള്‍ ഇതേ സാങ്കേതികവിദ്യയില്‍ നിര്‍മിക്കാനാകുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ബേസ് ക്യാംപായി നിശ്ചയിച്ചിരിക്കുന്ന നിലയ്ക്കലില്‍ അറുപത് ലക്ഷം ലീറ്റര്‍ വെള്ളം പ്രതിദിനം വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണമാണ് ജലഅതോറിറ്റി ഒരുക്കുന്നത്. ടാങ്കറുകളിലെത്തിക്കുന്ന ശുദ്ധീകരിച്ചവെള്ളം റൈനോ ടാങ്കുകളില്‍ സംഭരിക്കും. തുടര്‍ന്ന് പുതുതായി നിര്‍മിക്കുന്ന ആര്‍ .ഒ പ്ലാന്‍റിലൂടെ വീണ്ടും ശുദ്ധീകരിച്ച് കുടിവെള്ളമായി വിതരണം ചെയ്യും. മണിക്കൂറില്‍ ആയിരം ലീറ്റര്‍ ശുദ്ധീകരണശേഷിയുള്ള ഇരുപത്തിയഞ്ച് ടാങ്കുകളാണ് ഇതിനായി സജ്ജീകരിക്കുന്നത്. പൈപ്പ് ലൈനുകളും സ്റ്റീല്‍ ടാപ്പുകളുമടക്കമുള്ള സംവിധാനങ്ങളും വിന്യസിക്കുന്ന ജോലി ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും.

MORE IN SOUTH
SHOW MORE