മല്ലപ്പള്ളി കുടിവെള്ള പദ്ധതി അവസാനഘട്ടത്തിലേക്ക്; പ്രയോജനം 3 പഞ്ചായത്തുകള്‍ക്ക്

malapally-water
SHARE

പത്തനംതിട്ട ജില്ലയിലെ മൂന്ന് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള മല്ലപ്പള്ളി കുടിവെള്ള പദ്ധതിയുടെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്. മുപ്പത്തിരണ്ട് കോടി രൂപ ചെലവിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്.

ആദ്യഘട്ടത്തില്‍ ലഭിച്ച എട്ടുകോടി രൂപകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. ആനിക്കാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന ശുദ്ധീകരണ പ്ലാന്‍റിന്‍റെ അവസാനവട്ട ജോലികളാണ് ഇനി ബാക്കിയുള്ളത്. ഫില്‍റ്ററിങ് സംവിധാനമടക്കം അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനക്ഷമമാകും. മണിമലയാറ്റിലെ കിണറിന്‍റെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. വിതരണ പൈപ്പുകളും രണ്ട് ഓവര്‍ഹെഡ് ടാങ്കുകളും ഇനിയുമുണ്ടാക്കണം. ഇതിനായി ഇരുപത്തിനാല് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട‌്. ലോകബാങ്കിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

നിലവില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ കുടിവെള്ള കണക്‌ഷന്‍ നല്‍കിയി‌ട്ടുള്ളു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങല്‍ പഞ്ചായത്തകളിലുള്ളവര്‍ക്ക് കുടിവെള്ളം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം ഒരോ വര്‍ഷവും മണിമലയാറ്റിലെ നീരൊഴുക്ക് കുറഞ്ഞുവരുന്നത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

MORE IN SOUTH
SHOW MORE