ജന്‍ റം കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ

junrm-water
SHARE

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ തുടങ്ങിയ ജന്‍ റം കുടിവെള്ള പദ്ധതി പ്രതിസന്ധിയില്‍. പൈപ്പിടാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത് വൈകിയെന്ന് ആരോപിച്ച് കരാര്‍ കമ്പനി 200 കോടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതാണ് പദ്ധതി നിലയ്ക്കാന്‍ ഇടയാക്കിയത്. 

അരുവിക്കരയില്‍ നിന്ന് നഗരത്തിലെ വിവിധപ്രദേശങ്ങളിലെ ടാങ്കുകളില്‍ വെള്ളമെത്തിച്ച് പുതിയ പൈപ്പ് കണക്ഷന്‍ നല്‍കുന്നതിനാണ് പദ്ധതി തുടങ്ങിയത്. 651 കിലോമീറ്റര്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുകയായിരുന്നു 75 കോടി ചെലവുവരുന്ന പദ്ധതിയുടെ ലക്ഷ്യം.  ഇതില്‍ 500 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചെങ്കിലും  171 കിലോമീറ്റര്‍  മാത്രമെ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളു. പ്രധാന പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കരാറെടുത്ത ഗുജറാത്തിലെ മോഡേണ്‍ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയാണ് 200 കോടി നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. 

പൈപ്പ് സ്ഥാപിക്കാന്‍ റോഡ് കൈമാറുന്നതില്‍ വന്ന കാലതാമസം ഭീമമായ നഷ്ട്ടമുണ്ടാക്കിയെന്നാണ് കമ്പനിയുടെ വാദം. കമ്പനിക്ക് നല്‍കേണ്ട 26 കോടിയില്‍  19 കോടിയും നല്‍കികഴിഞ്ഞ ഘട്ടത്തിലാണ് ഭീമമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കമ്പനിയുമായി കരാര്‍ മുന്നോട്ട് കൊണ്ടുപോകാനാവാത്ത സാഹചര്യമാണ് പദ്ധതിക്ക് പ്രധാനതടസമായിരിക്കുന്നത്. 

അവശേഷിക്കുന്ന പണികള്‍ മറ്റൊരു സ്ഥാപനത്തെ ഏല്പ്പിക്കാനാണ് നിലവിലെ തീരുമാനം. പുതിയ കമ്പനിക്ക് കരാര്‍ നല്‍കാനുള്ള നടപടികള്‍ വൈകുമെന്നതിനാല്‍ പദ്ധതി ഇനിയും ഇഴയുമെന്നും ഉറപ്പാണ്. 

MORE IN SOUTH
SHOW MORE