ഹൈക്കോടതി വിധിവരെ നിലയ്ക്കല്‍–പമ്പ ബസ് നിരക്കിൽ മാറ്റമില്ല

ksrtc-1
SHARE

നിലയ്ക്കല്‍–പമ്പ കെ.എസ്.ആര്‍.ടി.സി ബസ് നിരക്ക് ഹൈക്കോടതി നിര്‍ദ്ദേശം വരുന്നതുവരെ 40 രൂപയായി തുടരും. മന്ത്രി എ.കെ. ശശീന്ദ്രനും ദേവസ്വം ബോര്‍ഡ് ഭാരവാഹികളും തമ്മിലുള്ള  ചര്‍ച്ചയിലാണ് തീരുമാനം. ഇതുസംബന്ധിച്ച കേസ് വെള്ളിയാഴ്ചയാണ് കോടതി പരിഗണിക്കുക.  അതേസമയം നിരക്ക് കുറയ്ക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

നിലയ്ക്കല്‍ പമ്പ നിരക്ക് കഴിഞ്ഞ തീര്‍ഥാടന കാലത്ത് 31 രൂപയായിരുന്നു. ഇത്തവണ ഇത് 40 രൂപയാക്കിയതിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പരസ്യനിലപാട് സ്വീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍  ഇന്ന് ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെ ചര്‍ച്ച വിളിച്ചു. 40 രൂപനിരക്ക് കൂടുതലാണെന്നും ഇത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരാന്‍ ധാരണയായി. അതേസമയം നിലയ്ക്കല്‍ പമ്പ നിരക്ക് കുറയ്ക്കേണ്ടകാര്യമില്ലെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.

സ്വകാര്യവാഹനങ്ങള്‍ ഇനിമുതല്‍ നിലയ്ക്കല്‍വരെ മാത്രമെ അനുവദിക്കൂ. കെ.എസ്. ആര്‍.ടി.സി ചങ്ങല സര്‍വീസിലാണ് പമ്പയിലേക്ക് പോകേണ്ടത്. ദീര്‍ഘദൂര കെ.എസ്. ആര്‍.ടി ബസ്സുകള്‍ നിലയ്ക്കലില്‍ യാത്ര അവസാനിപ്പിക്കണോ അതോ പമ്പവരെ സര്‍വീസ് നടത്തണോ എന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

MORE IN SOUTH
SHOW MORE