എല്‍.ഐ.സി ഏജന്റ്സ് സൊസൈറ്റി സാമ്പത്തിക ക്രമക്കേട് അന്വേഷണം ഇഴയുന്നു

lic-society-t
SHARE

ചെങ്ങന്നൂര്‍ എല്‍.ഐ.സി ഏജന്റ്സ് സൊസൈറ്റിയിലെ ആറേക്കാല്‍ക്കോടി രൂപയുടെ ക്രമക്കേടിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണം ഇഴയുന്നു. സൊസൈറ്റിയിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കിലുള്ള വിവരങ്ങള്‍ വീണ്ടെടുക്കുന്നതിലെ കാലതാമസമാണ് അന്വേഷണത്തിന് തടസം.

2015 ലാണ് ചെങ്ങന്നൂര്‍ എല്‍ .ഐ.സി ഏജന്‍റ്സ് സൊസൈറ്റിയില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി സഹകരണ വകുപ്പിന്‍റെ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയത്. ആകെ ആറേകാല്‍ക്കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു കണ്ടെത്തല്‍ . വായ്പ, ചിട്ടികള്‍ , ഓവര്‍ ഡ്രാഫ്റ്റ്, നിക്ഷേപങ്ങള്‍ എന്നിവയിലെ ക്രമക്കേടുകള്‍വഴി തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. കേസിന്‍റെ അന്വേഷണച്ചുമതല ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയെ ഏല്‍പിക്കുകയും രേഖകള്‍ അടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് ലാബിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഹാര്‍ഡ് ഡിസ്കിലെ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. രേഖകള്‍ വീണ്ടെടുക്കുന്നതിനായി കപ്പാസിറ്റി കൂടിയ ഹാര്‍‍ഡ് ഡിസ്ക് നല്‍കണമെന്ന് ഫോറന്‍സിക് ലാബില്‍നിന്ന് അറിയിച്ചിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഹാര്‍ഡ് ഡിസ്കിലെ വിവരങ്ങള്‍ ലഭിച്ചാല്‍മാത്രമേ കേസന്വേഷണം പൂര്‍ത്തീകരിക്കാനാകൂവെന്ന നിലപാടിലാണ് പൊലീസ്. ഇതിനിടെ നിക്ഷേപകരുടെ പണം ഭരണസമിതിയംഗങ്ങളില്‍നിന്ന് ഈടാക്കി നല്‍കണമെന്ന് സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാര്‍ ഉത്തരവിട്ടെങ്കിലും അതിലും നടപടിയുണ്ടായില്ല.

306പേരുള്ള സംഘത്തിലെ അംഗങ്ങള്‍ക്കുമാത്രം സാമ്പത്തിക ഇടപാട് നടത്താന്‍ അനുമതിയുള്ള സംഘം ക്രമവിരുദ്ധമായി പുറത്തുനിന്നുള്ളവര്‍ക്കും വായ്പ നല്‍കിയതാണ് ക്രമക്കേടുകളുടെ തുടക്കം. ഇതിനുപുറമേ ഭരണസമിതിയംഗങ്ങള്‍ വ്യാജപേരില്‍ വായ്പ സംഘടിപ്പിക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ ഇത്രത്തോളമായിട്ടും വായ്പകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം ഉണ്ടാകാത്തത് ദുരൂഹമാണെന്നും സൊസൈറ്റിയംഗങ്ങള്‍ പറയുന്നു.

MORE IN SOUTH
SHOW MORE