മുതലപ്പൊഴിയില്‍ അദാനി ഗ്രൂപ്പിന്റെ വാര്‍ഫ് നിര്‍മാണം പുനരാരംഭിക്കും

Thumb Image
SHARE

മുതലപ്പൊഴിയില്‍ അദാനി ഗ്രൂപ്പിന്റെ വാര്‍ഫ് നിര്‍മാണം പുനരാരംഭിക്കും. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി വിളിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് പാറയെത്തിക്കാന്‍ ഉദ്ദേശിച്ചുള്ള വാര്‍ഫിന്റെ നിര്‍മാണം നാട്ടുകാരുടെ പ്രതിഷേധം മൂലം മുടങ്ങിയ സാഹചര്യത്തിലായിരുന്നു ചര്‍ച്ച. എന്നാല്‍ നാട്ടുകാരില്‍ ഒരുവിഭാഗം പ്രതിഷേധം തുടരാനുള്ള തീരുമാനത്തിലാണ്.

വിനോദസഞ്ചാരവകുപ്പ് മുതലപ്പൊഴിയില്‍ പ്രഖ്യാപിച്ച ടൂറിസം പദ്ധതിയെ വാര്‍ഫ് നിര്‍മാണം ബാധിക്കുമെന്ന ആശങ്കയാണ് എതിര്‍പ്പിന് കാരണം. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പി.അനില്‍കുമാര്‍ വിളിച്ച ചര്‍ച്ചയില്‍ നിര്‍മാണപ്രവര്‍ത്തനം മൂലം പരിസരമലിനീകരണമുണ്ടാകില്ലെന്ന് അദാനി ഗ്രൂപ്പ് ഉറപ്പുനല്‍കി. വാര്‍ഫ് നിര്‍മാണത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.  ചര്‍ച്ചയ്ക്കൊടുവില്‍ നിര്‍മാണപ്രവര്‍ത്തനം തടസപ്പെടുത്തില്ലെന്ന് പ്രതിഷേധക്കാരില്‍ ഒരുവിഭാഗം അറിയിച്ചു.

എന്നാല്‍ പദ്ധതി ടൂറിസം സാധ്യത ഇല്ലാതാക്കുമെന്നാരോപിച്ച് ഒരു വിഭാഗം പ്രതിഷേധക്കാര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ തീരദേശ റോഡ് ഉപരോധിച്ചു. വാര്‍ഫ് നിര്‍മാണം തുടങ്ങാന്‍ അനുവദിക്കില്ലെന്നാണ് എതിര്‍ക്കുന്നവരുടെ നിലപാട്. വിനോദസഞ്ചാരപദ്ധതി സംബന്ധിച്ച് ടൂറിസം വകുപ്പുമായി ചര്‍ച്ച നടത്താന്‍ ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികളോടെ ഡി.വൈ.എസ്.പി നിര്‍ദേശിച്ചു. ചര്‍ച്ചയില്‍ ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍, അദാനി ഗ്രൂപ്പ്, ജനപ്രതിനിധികള്‍, പൊലീസ ്ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

MORE IN SOUTH
SHOW MORE