മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ ജീവഹാനിയും വ്യാപകനാശനഷ്ടവും

heavy-rain-tvm-t
SHARE

മഴയില്‍ തിരുവനന്തപുരം ജില്ലയില്‍  ജീവഹാനിയും വ്യാപകനാശനഷ്ടവും. നെയ്യാറ്റിന്‍കരയില്‍ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് ഒരു സ്ത്രീ മരിച്ചു .രണ്ടു പേര്‍ക്ക് പരിക്കറ്റു. മരം കടപുഴകി വീണ് നഗരത്തില്‍ ഉള്‍പ്പടെ ഗതാഗതം സ്തംഭിച്ചു. 

ഉച്ചക്ക് രണ്ടു മണിക്ക് ശേഷം പെയ്ത കനത്ത മഴയും ആഞ്ഞുവീശിയ കാറ്റും വ്യാപകനാശ നഷ്ടമാണ് തിരുവനന്തപുരം ജില്ലയില്‍ വിതച്ചത്. നെയ്യാറ്റിന്‍കര ആങ്കോട് തെങ്ങ് മുകളിലേക്ക് വീണ് 44 കാരിയായ പെരുങ്കിടവിള സ്വദേശി ദീപ മരിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പരുക്കേറ്റ രണ്ടു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.തിരവനന്തപുരം നഗരത്തിലും ദേശീയ പാതയില്‍ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു ഗതാഗത തടസമുണ്ടായി. കഴക്കൂട്ടത്ത് ദേശീയപാതയില്‍ രണ്ടിടങ്ങില്‍ മരം മറിഞ്ഞു വീണു രണ്ടു കാറുകള്‍ ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.നഗരത്തില്‍ അന്‍പതോളം സ്ഥലങ്ങളില്‍ മുറിഞ്ഞു വീണ മരങ്ങള്‍ ഫയര്‍ഫോഴ്സ് മുറിച്ചുനീക്കി. പി.ടി.പി നഗറില്‍ കാറ്റില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു. കവടിയാര്‍,ശ്രീകാര്യം ,പേരൂര്‍ക്കട എന്നിടങ്ങളിലാണ് മരങ്ങള്‍ വ്യാപകമായി കടപുഴകി വീണത്. ചിറയന്‍കീഴില്‍ ആല്‍മരം തടികടയുടെ മുകളില്‍ വീണ് ഒരാളുടെ കാല്‍ ഒടിഞ്ഞു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയുടെ മഴയോര മേഖലകളിലും കാറ്റ് സാരമായ നാശം വിതച്ചു. നെടുമങ്ങാട് പുലിപ്പാറയില്‍  മരം കടപുഴകി വീണ് വീട് പൂര്‍ണമായും  തകര്‍ന്നു.വീട്ടിനുള്ളിലുണ്ടായിരുന്ന  അമ്മയും കുട്ടിയും അത്ഭുതകരമായി രക്ഷപെട്ടു. പുതുകുറിച്ചി കടല്‍തീരത്തോട് ചേര്‍ന്നുള്ള നാലു വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി. വര്‍ക്കലയില്‍ മരം വീണ് ഗവ എല്‍ പി സ്കൂളിന്റെ മതില്‍ തകര്‍ന്നു. കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഏതു സാഹചര്യവും നേരിടാന്‍ പൊലീസ് സജ്ജമായിരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ നിര്‍ദേശം നല്‍കി.

MORE IN SOUTH
SHOW MORE