വളര്‍ത്തുമല്‍സ്യക്കൃഷിയില്‍ വന്‍വളര്‍ച്ച ലക്ഷ്യമിട്ട് കവിയൂരിലെ മല്‍സ്യവിത്തുല്‍പാദന കേന്ദ്രം

fisheries-t
SHARE

കേരളത്തിലെ വളര്‍ത്തുമല്‍സ്യക്കൃഷിയില്‍ വന്‍വളര്‍ച്ച ലക്ഷ്യമിട്ട് തിരുവല്ലയ്ക്കടുത്ത് കവിയൂരിലുള്ള ദേശീയ മല്‍സ്യവിത്തുല്‍പാദന കേന്ദ്രം. പ്രതിവര്‍ഷം ഒരു കോടി മല്‍സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യാനാണ് പദ്ധതി. ഇതിനായി അഞ്ചുകോടി രൂപ ചെലവിലുള്ള വികസനമാണ് നടത്തിയിരിക്കുന്നത്. 

1960ല്‍ തുടങ്ങിയ മല്‍സ്യവിത്തുല്‍പാദന കേന്ദ്രം വളര്‍ച്ചയുടെ പാതയിലാണ്. സംസ്ഥാന സർക്കാരിന്‍റെ 2015-16ലെ  ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ചു കോടി രൂപകൊണ്ട് പുതിയ 52 മൺകുളങ്ങളും, പഴയ കുളങ്ങളുടെയും കെട്ടിടങ്ങളുടെയും പുനരുദ്ധാരണവും പൂര്‍ത്തിയാക്കി. കവിയൂര്‍ പഞ്ചായത്തിലെ  8.5 ഹെക്ടർ വരുന്ന പോളച്ചിറ ജലാശയം ഉൾപ്പെടെ 13.5 ഹെക്ടർ സ്ഥലമാണ് മല്‍സ്യവിത്തുല്‍പാദന കേന്ദ്രത്തിനുള്ളത്. കഴിഞ്ഞ വർഷം 44 ലക്ഷം മല്‍സ്യക്കുഞ്ഞുങ്ങളെ ഇവിടെ നിന്ന് വിതരണം ചെയ്തു. എടത്വായില്‍ പമ്പാ തീരത്തുള്ള അനുബന്ധ കേന്ദ്രത്തില്‍ വിരിയിച്ചെടുക്കുന്ന മല്‍സ്യക്കുഞ്ഞുങ്ങളെ അഞ്ചു ദിവസത്തിനുശേഷം പോളച്ചിറയില്‍ കൊണ്ടുവന്ന് 45 ദിവസത്തിനുശേഷം കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. പുതിയ കുളങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഉല്‍പാദനത്തില്‍ ഇരട്ടിയിലധികം വര്‍ധനയുണ്ടാകും.

പുഴകളിൽ മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന സാമൂഹിക മല്‍സ്യക്കൃഷിക്കും ഇവിടെ നിന്നു കുഞ്ഞുങ്ങളെ നൽകാറുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലെ പകുതി ജില്ലകൾക്കു മല്‍സ്യക്കുഞ്ഞുങ്ങളെ നൽകിയിരുന്നത് ഇവിടെ നിന്നാണ്. കട്‌ല, രോഹു, മൃഗാൾ, സൈപ്രനസ് എന്നീ വളർത്തുമല്‍സ്യങ്ങളെക്കൂടാതെ നാടൻ ഇനങ്ങളായ കല്ലേമുട്ടി, കാരി, മഞ്ഞക്കൂരി എന്നിവയും ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം 75000 നാടന്‍ മല്‍സ്യക്കുഞ്ഞുങ്ങളെയും ഉല്‍പാദിപ്പിച്ച് വിതരണം ചെയ്തിരുന്നു. പുതിയ കുളങ്ങളുടെ ഉദ്ഘാടനം ഈ മാസം നടക്കും.

MORE IN SOUTH
SHOW MORE