തിരുവനന്തപുരത്ത് കടല്‍ പ്രക്ഷുബ്ധം, 5 വീടുകൾ കടലെടുത്തു

tvm
SHARE

തിരുവനന്തപുരം ജില്ലയിലെ തീരമേഖലയില്‍ രൂക്ഷമായ കടല്‍ക്ഷോഭം. അഞ്ചുതെങ്ങ്, ശംഖുമുഖം, വിഴിഞ്ഞം എന്നിവിടങ്ങളിലാണ് കടല്‍ കൂടുതല്‍ പ്രക്ഷുബ്ദമായിരിക്കുന്നത്. നിരവധി വീടുകള്‍ കടലെടുക്കുകയും, റോഡുകള്‍ക്കും മല്‍സ്യബന്ധന ഉപകരണങ്ങള്‍ക്കും കേടുപറ്റുകയും ചെയ്തു.

അഞ്ചുതെങ്ങ് തീരത്ത് അഞ്ചു വീടുകള്‍ പൂര്‍ണമായും പതിനഞ്ചിലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. നിരവധി കുടുംബങ്ങളുടെ മല്‍സ്യബന്ധനോപകരണങ്ങള്‍ കടലെടുത്തു. മുതലപ്പൊഴി മുതല്‍ വേലിമുക്ക്–തോണിക്കടവു വരെയാണ് കടല്‍ക്ഷോഭം ഏറ്റവും രൂക്ഷം. അഞ്ചുതെങ്ങ് ഫിഷിങ് സെന്ററിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ് പൂര്‍ണമായും തകര്‍ന്നു. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാതായതോടെ തീരദേശം വറുതിയിലായി.

വേലിയേറ്റത്തില്‍ ശംഖുമുഖത്തെ നടപ്പാതക്കു സമീപമുള്ള മണ‍ല്‍ഭിത്തി കടലെടുത്തു. ശക്തമായ തിരയില്‍ റോഡ് നേരത്തെ തകര്‍ന്നിരുന്നു. വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്ത് കെട്ടിയിട്ടിരുന്ന നിരവധി വള്ളങ്ങള്‍ തകര്‍ന്നു. മഴയും കടല്‍ക്ഷോഭവും നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുന്നതിന്റെ ആശങ്കയിലാണ് തലസ്ഥാനത്തെ തീരപ്രദേശം.

MORE IN SOUTH
SHOW MORE