ശസ്ത്രക്രിയയ്ക്കു വിധേയനായ എന്‍ജിനീയറുടെ മരണത്തില്‍ ചികില്‍സാപ്പിഴവെന്ന് പരാതി

engineer-death-t
SHARE

കൊല്ലം മെഡിട്രീന ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ എന്‍ജിനീയറുടെ മരണത്തില്‍ ചികില്‍സാപ്പിഴവെന്ന് പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സൂരജ് ജയകുമാറാണ് മൂക്കിനു നടത്തിയ പ്ളാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് മരിച്ചത്. ശസ്ത്രക്രിയയിലെ പിഴവല്ലെന്നും ശേഷമുണ്ടായ ഹൃദയ സ്തംഭനവും അണുബാധയുമാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ടെക്നോപാര്‍ക്കില്‍ എന്‍ജിനീയറായ സൂരജ് ഇരുപത്തിയേഴിനാണ് മെഡിട്രീന ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായത്. 

മൂക്കിന്റെ വളവ് മാറ്റുന്നതിനായിരുന്നു ശസ്ത്രക്രിയ. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം നിലച്ചതിനേത്തുടര്‍ന്ന്  നില വഷളായ സൂരജിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും  ഇന്നു രാവിലെ മരിച്ചു. ഒാക്സിജന്‍ നല്കിയിരുന്ന ട്യൂബ് സ്ഥാനം തെറ്റിയതായി സമ്മതിക്കുന്ന  മെഡിട്രീന അധികൃതര്‍ എന്നാല്‍ യുവാവ് സ്വയം ട്യൂബ് ഊരിയെന്നാണ് വാദിക്കുന്നത് .

ചികില്‍സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്കിയിട്ടുണ്ട്. യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം നാളെ നടക്കും. 

MORE IN SOUTH
SHOW MORE