വിഴിഞ്ഞം തുറമുഖത്ത് റെയിൽപാത, ധാരണാപത്രം ഒപ്പിട്ടു

vizhinjam-port
SHARE

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് റയില്‍വേ ലൈന്‍ നിര്‍മിക്കാന്‍ കൊങ്കണ്‍ റയില്‍വേയുമായി ധാരണാപത്രം ഒപ്പിട്ടു. 12 കിലോമീറ്റര്‍ നീളത്തിലുള്ള റയില്‍വേ ലൈനിന് 555 കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്. റയില്‍വികാസ് നിഗം ലിമിറ്റഡ് പദ്ധതിയില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് കൊങ്കണ്‍ റയില്‍വേയുമായി ധാരണാപത്രം ഒപ്പിട്ടത്.

വിഴിഞ്ഞം തുറമുഖം മുതല്‍ ബാലരാമപുരം റയില്‍വേ സ്റ്റേഷന്‍ വരെ 12 കിലോമീറ്റര്‍ നീളത്തിലാണ് റയില്‍പാത നിര്‍മിക്കുന്നത്. 555 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2022 മെയ് മാസത്തോടെ റയില്‍വേലൈന്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 12 കിലോമീറ്റര്‍ പാതയില്‍ എട്ടുകിലോമീറ്ററും തുരങ്കങ്ങളിലൂടെയാകും കടന്നുപോകുന്നത്. തുരങ്കങ്ങള്‍ നിര്‍മിക്കുന്നതില്‍ കൊങ്കണ്‍ റയില്‍വേയ്ക്കുള്ള വൈദഗ്ധ്യം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

30 ഏക്കര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കും. റയില്‍ മന്ത്രാലയത്തിനുകീഴിലുള്ള റയില്‍വികാസ് നിഗം ലിമിറ്റഡുമായി നേരത്തെ ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാല്‍ ഏറ്റെടുത്ത ജോലികളുടെ ബാഹുല്യം മൂലം അവര്‍ വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്‍മാറി. ഇതേതുടര്‍ന്നാണ് കൊങ്കണ്‍ റയില്‍വയുമായി ധാരണാപത്രം ഒപ്പിട്ടത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിക്കുവേണ്ടി എം.ഡി ഡോ. ജയകുമാറും കൊങ്കണ്‍ റയില്‍വേ കോര്‍പറേഷനുവേണ്ടി സി.എം.ഡി സഞ്ജയ് ഗുപ്തയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഇന്ന് കരാര്‍ ഒപ്പുവച്ചത്. 

MORE IN SOUTH
SHOW MORE