കടലമ്മ തിരികെ നൽകിയെങ്കിലും ബോട്ട് കടലിലിറക്കാന്‍ കഴിയാതെ ഉടമ

Thumb Image
SHARE

ഓഖി ചുഴലിക്കാറ്റിനിടെ കനിവോടെ കടലമ്മ തിരിച്ചു നല്‍കിയ ബോട്ട് കടലിലിറക്കാന്‍ കഴിയാതെ ഉടമ ബെനഡിക്ട്. സഹായിക്കാമെന്ന് പറഞ്ഞ ഫിഷറീസ് ഉദ്യോഗസ്ഥര്‍ അവസാനം കൈമലര്‍ത്തിയതോടെ മണലില്‍ ഇടിച്ചു കയറിയ ബോട്ട് കൊല്ലത്തേക്ക് തിരികെ കൊണ്ടുപോകാന്‍ പോലും കഴിഞ്ഞിട്ടില്ല. പതിമൂന്ന് ദിവസമായി നാട്ടില്‍ പോലും പോകാതെ തുമ്പ കടപ്പുറത്ത് ബോട്ടിന് കാവലിരിക്കുകയാണ് ബെനഡിക്ട്. 

ബെനഡിക്ടിന്റെ സ്വപ്നമാണ് ഈ ബോട്ട്. കൊല്ലത്തു നിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ട് ഒാഖി ചുഴലിക്കാറ്റില്‍പ്പെട്ട് നാലാം ദിവസം തുമ്പ ബീച്ചില്‍ ഇടിച്ചു കയറുകയായിരുന്നു. ഉള്ളിലുണ്ടായിരുന്നവര്‍ രക്ഷപെട്ടു. പക്ഷെ മണലില്‍ ഉറച്ചുപോയ ബോട്ട് ഇതുവരെ അനക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് കൊല്ലത്തേക്ക് എത്തിക്കേണ്ടത് ഫിഷറീസ് വകുപ്പിന്റെ ചുമതലയാണ്. എന്നാല്‍, ഈ സാധുമനുഷ്യന്റെ ആവശ്യത്തോട് മുഖം തിരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. കലക്ടറോടും മന്ത്രി മേഴ്സിക്കുട്ടിയമ്മയോടും പരാതിപ്പെട്ടിട്ടും മാറ്റമുണ്ടായില്ല. 

ഒരു കോടി രൂപയോളം രൂപവരും ബോട്ടിന്. എന്‍ജിനടക്കം വെള്ളം കയറി നശിച്ചു. ഇപ്പോള്‍ തന്നെ 45 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. മൂന്നു വര്‍ഷം മുന്‍പുണ്ടായ അപകടത്തില്‍ പരുക്കേറ്റ ബെനഡിക്ടിന് ഊന്നുവടിയില്ലാതെ നടക്കാനാകില്ല. അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് കരയില്‍ കിടന്ന് നശിക്കുന്നത്. ബോട്ടില്‍ 3000 ലിറ്റര്‍ പെട്രോളുണ്ട്. ടാങ്ക് തകര്‍ന്ന് ഇതു കടലിലേക്ക് ഒഴുകിയാല്‍ മാസങ്ങളോളം മല്‍സ്യബന്ധനം മുടങ്ങും. 

MORE IN SOUTH
SHOW MORE