സ്‌കൂളിൽ കുഴഞ്ഞു വീണ അധ്യാപിക ആശുപത്രിയില്‍ മരിച്ചു

Thumb Image
SHARE

കാട്ടാക്കടയില് സ്‌കൂളിൽ കുഴഞ്ഞു വീണു ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ധ്യാപിക ആശുപത്രിയിൽ മരിച്ചു. പ്രധാനാധ്യാപികയുടെ മാനസിക പീഡനമാണ് എൽ.പി. സ്കൂൾ അധ്യാപിക ജയകുമാരിയുടെ മരണകാരണമെന്നാണ് പരാതി. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.

ഒരു മാസം മുമ്പ് പന്നിയോട് ഗവ. എൽ. പി സ്‌കൂളിൽ കുഴഞ്ഞു വീണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപികയായ പന്നിയോട് എ. ജെ. ഭവനിൽ ജയകുമാരി ആണ് മരിച്ചത്. അധ്യാപികയെ മരണത്തിലേക്ക് നയിച്ച സംഭവം അന്വേഷിക്കണം എന്ന ആവശ്യവുമായി ഒരു സംഘം നാട്ടുകാർ മൃതദേഹവുമായി റോഡിൽ കുത്തിയിരുന്നു. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അന്വേഷണം ഉണ്ടാകുമെന്ന ഉറപ്പിൻമേൽ മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിന് വച്ചശേഷം സംസ്കരിച്ചു. 

തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. സെപ്റ്റം. 22 ന് രാവിലെ അസംബ്ലി നടക്കുമ്പോഴാണ് ജയകുമാരി സ്‌കൂളിൽ കുഴഞ്ഞു വീണത്. പ്രഥമാധ്യാപികയുടെ മാനസീക പീഡനം കാരണമാണ് ഇവർ കുഴഞ്ഞു വീണതെന്ന ആരോപണവുമായി ഭർത്താവ് അജയൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ചില സംഘടനകൾ സംഭവം ഏറ്റെടുത്ത് സമരവും നടത്തി. സംഭവം നടന്ന അന്ന് അജയൻ സ്‌കൂളിൽ കടന്ന് പ്രഥമാധ്യാപികയെ അസഭ്യം പറഞ്ഞതായി ഒരു പരാതിയും നിലവിലുണ്ടായിരുന്നു. രണ്ടു പരാതിയിലും കാട്ടാക്കട പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിനിടെയാണ് ജയകുമാരിയുടെ മരണം. തുടർന്നാണ് തിങ്കളാഴ്ച വൈകിട്ടോടെ പന്നിയോടെയ്ക്കു കൊണ്ട് വന്ന മൃതദേഹം അന്വേഷണം ആവശ്യപ്പെട്ടു പട്ടകുളത്തു റോഡിൽ വച്ച് പ്രതിഷേധിച്ചത്. 

കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും, ഒരാളിന് ജോലി നൽകണമെന്നും, പ്രഥമാധ്യാപികയ്‌ക്കെതിരെ നടപടി വേണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തുടർന്ന് കെ.എസ്.ശബരീനാഥൻ എം.എൽ.എയുടെ നേതൃത്വത്തിൽ സമരക്കാരുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് കൊടുത്തതിനാൽ മൃതദേഹം പൊതുദർശനത്തിന് പന്നിയോട് സ്‌കൂളിലേക്ക് മാറ്റി.

MORE IN SOUTH
SHOW MORE