കാഴ്ചയുടെ വിരുന്നൊരുക്കി ചങ്ങനാശേരിയില്‍ കൊച്ചുകുട്ടികളുടെ കലാമേള. ക്രിസ്തു ജ്യോതി ക്യാംപസില്‍ നടന്ന പതിന്നാലാമത് ഇന്റര്‍ കെ.ജി ഫെസ്റ്റ് പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഇരുപത്തിയഞ്ച് സ്കൂളുകളില്‍നിന്നുള്ള ആയിരത്തിലധികം കുട്ടികളാണ് മല്‍സരത്തിനെത്തിയത്.
വര്ണപ്പൊലിമയ്ക്കൊപ്പം കുട്ടികളുടെ മികവുകൂടി ചേര്‍ന്നതായിരുന്നു ഒരോ വേദിയിലെയും മല്‍സരങ്ങള്‍. പ്രധാനവേദിയില്‍ നടന്ന സംഘനൃത്തമായിരുന്നു ഏറെ ശ്രദ്ധേയം. കൊറിയോഗ്രഫിയും കുട്ടികളുടെ ടൈമിങ്ങുമെല്ലാം ശ്രദ്ധപിടിച്ചുപറ്റി. ക്യാമറ കണ്ടതോടെ അവസരത്തിനായി കാത്തുനില്ക്കുന്നവരുടെ കണ്ണുകളില്‍ കൗതുകത്തിന്റെ തിളക്കം.
നീളത്തില്‍ വാലിട്ട് കണ്ണെഴുതിയ സുന്ദരിക്കുട്ടികള്‍ നാടോടി നൃത്തവേദി സമ്പന്നമാക്കി. കാത്തിരിപ്പിന്റെ മുഷിച്ചില്മാറ്റാന് വികൃതികള്‍ കാണിക്കുന്നവരും അടങ്ങിയിരിക്കുന്നവരുമെല്ലാം സദസിലും സജീവം. അനിമേറ്റഡ് റൈം വേദിയിലാണ് കാണികളുടെ തിരക്ക് ഏറെയുണ്ടായിരുന്നത്. ചിലര്‍ കുട്ടികളുടെ പ്രകടനം ക്യാമറയിലാക്കുന്ന തിരക്കിലാണ്.
എല്‍.കെ.ജി, യു.കെ.ജി വിഭാഗങ്ങളിലായി പന്ത്രണ്ട് വേദികളിലാണ് മല്‍സരങ്ങള്‍ നടന്നത്. കഥാ കഥനവും, ആക്ഷന്‍ സോങ്ങും, ചിത്രരചനയുമെല്ലാം മല്സരയിനങ്ങളായി ഉണ്ടായിരുന്നു. ചങ്ങനാശേരി, തിരുവല്ല, കോട്ടയം, ആലപ്പുഴ, പാല ഭാഗങ്ങളില്‍നിന്നുള്ള സ്കൂളുകളിലെ കുട്ടികളാണ് മല്‍സരങ്ങളില്‍ പങ്കെടുത്തത്.