ടാറിങ് തുടങ്ങാത്ത പത്തനംതിട്ട ചിറക്കാല- ഇലന്തൂർ റോഡിന്റെ ടാറിങ് പൂർത്തിയാക്കിയതായി പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ബി. സത്യനാണ് ചീഫ് എൻജിനിയറുടെ വിചിത്രമായ കത്തുകിട്ടിയത്. എന്നാൽ നിവേദനം കൊടുക്കുമ്പോഴുണ്ടായിരുന്ന നിലയേക്കാൾ പരിതാപകരമാണിന്ന് റോഡിന്റെ അവസ്ഥ.
ഇതാണ് യാഥാർഥ്യമെങ്കിലും, റോഡ് നന്നാക്കാത്തതിന്റെ കാരണംതേടി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ നിവേദനത്തിന് പൊതുമരാമത്ത് വകുപ്പുനൽകിയ വിശദീകരണം പണി പൂർത്തിയായെന്ന്.
റോഡ് പൊട്ടിപ്പൊളിഞ്ഞുകിടന്നിട്ടും ഇങ്ങനെയൊരു കത്തുകിട്ടിയപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് അതിശയം.
റോഡിനിരുവശവും എന്നോ കൊണ്ടിട്ടമെറ്റൽ അങ്ങനെതന്നെ കിടപ്പുണ്ട്. അടുത്തിടെയൊന്നും റോഡുപണി നടന്നതായി നാട്ടുകാർക്കും അറിവില്ല. തങ്കയങ്കി ഘോഷയാത്രക്ക് മുൻപ് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്. ഒന്നും ശരിയാക്കിയില്ലെങ്കിലും, കഴിഞ്ഞ ദിവസം എല്ലാം ശരിയാക്കിയതായുള്ള പൊതുമരാമത്ത് വകുപ്പിന്റെ അറിയിപ്പെത്തി.