ജി.ദേവരാജൻ -കെ.ജെ.യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന മലയാളഗാനങ്ങൾ കോർത്തിണക്കി മ്യൂസിക്കൽ മാരത്തോൺ കൊല്ലത്ത് നടന്നു. ദേവരാജന്റെ 90-ാം ജൻമദിനത്തിൽ ഗായകനായ ആശ്രാമം ഉണ്ണികൃഷ്ണാണ് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഒറ്റയ്ക്ക് പത്തുമണിക്കൂർ തുടർച്ചയായി സംഗീതവിരുന്നൊരുക്കിയത്.
മലയാളിയുടെ ഓർമകളിൽ തങ്ങിനിൽക്കുന്ന ദേവരാജൻ സംഗീതം നൽകി യേശുദാസ് ആലപിച്ച മലയാള ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിയാണ് ആശ്രമം ഉണ്ണികൃഷ്ണനെന്ന ഗായകൻ ഗാനാർച്ചന നടത്തിയത്.
രാവിലെ ഒൻപത് മുതൽ രാത്രി 7വരെ 136 ഗാനങ്ങളാണ് ഉണ്ണികൃഷ്ണൻ പാടിയത്. രാവിലെ മുതൽ രാത്രിവരെ ആയിരക്കണക്കിനാളുകളാണ് മാറിമാറി സംഗീതവിരുന്ന് കാണാനെത്തിയത്.പാട്ടുകൾ കേൾക്കുന്നതിനുപരി ഒരു ഗായകൻ തുടർച്ചയായി പത്തുമണിക്കൂർ പാടുന്നത് എങ്ങനെയെന്ന് അറിയാനായിരുന്നു പലർക്കും കൗതുകം.