ആറന്മുള ഉതൃട്ടാതി ജലമേളയ്ക്ക് പുതുക്കി പണിത പള്ളിയോടത്തില്‍ കരുത്തുകാട്ടാനുള്ള തയാറെടുപ്പില്‍ ചെങ്ങന്നൂരിലെ മുണ്ടന്‍കാവ് പള്ളിയോടം. ഒരു നൂറ്റാണ്ട് പഴക്കമുള്ള പള്ളിയോടം പുതുക്കിപ്പണിതശേഷം കഴിഞ്ഞ ദിവസമാണ് നീറ്റിലിറക്കിയത്.
അന്‍പത്തിരണ്ട് പള്ളിയോടങ്ങളുള്ള ആറന്മുള പള്ളിയോട സേവാസംഘത്തിലെ ഏറ്റവും പഴക്കമുള്ളവയില്‍ ഒന്നാണ് മുണ്ടന്‍കാവ് പള്ളിയോടം. നൂറുവര്‍ഷം മുന്‍പ് അയിരൂര്‍ കരക്കാര് നിര്‍മിച്ച പള്ളിയോടം 1958ലാണ് മുണ്ടന്കാവുകാര് വാങ്ങിയത്. പഴതിനേക്കാള്‍ വലുപ്പംകൂട്ടി പുതുക്കിപ്പണിത പള്ളിയോടവുമായാണ് ഇത്തവണ കരക്കാരുടെ വരവ്. ഇപ്പോള്‍ പതിനേഴരയടി അമരപ്പൊക്കവും, നാല്പ്പത്തിയേഴേകാല് കോല് നീളവുമുണ്ട്. എ ബാച്ച് വിഭാഗത്തില്‍പ്പെട്ട പള്ളിയോടത്തില്‍ 110പേര്‍ക്ക് കയറാം. പുതുക്കിപ്പണിത പള്ളിയോടം സുരേഷ് ഗോപി എം.പിയാണ് നീറ്റിലിറക്കിയത്.
കാലപ്പഴക്കംമൂലം ജീര്‍ണിച്ചതിനെ തുടര്‍ന്നാണ് പള്ളിയോടം പുതുക്കിപ്പണിതത്. കോട്ടയം ജില്ലയിലെ പൊന്കുന്നത്തുനിന്നെത്തിച്ച ആഞ്ഞിലിത്തടികള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം.