ബെംഗളൂരുവിലേക്കുള്ള സ്വകാര്യബസ് മജിസ്ട്രറ്റിന്റെ നിര്‍ദേശപ്രകാരം മണിക്കൂറുകളോളം പൊലീസ് തടഞ്ഞിട്ടു. നോ പാര്‍ക്കിങ് ഏരിയയില്‍ ബസ് നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്പ്പെട്ടതാണ് മജിസ്ട്രേറ്റിനെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. രാത്രി ഏഴേകാലോടെയാണ് സംഭവങ്ങളുടെ തുടക്കം ബാംഗ്ളൂരിലേക്ക് പോയ ഓറഞ്ച് ട്രാവല്‍സിന്റെ ബസ് നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവിലിന് സമീപം യാത്രക്കാരന് കൈകാണിച്ചതിനെ തുടര്‍ന്നു നിര്‍ത്തി.
നോ പാര്‍ക്കിങ് ഏരിയയിലാണ് ബസ് നിര്‍ത്തിയത്. ഗതാഗതക്കുറുക്കില് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റിന്റെ വാഹനവും പെട്ടു. തുടര്‍ന്നാണ് ബസ് കസ്റ്റഡിയിലെടുക്കാന്‍ മജിസ്ട്രേറ്റ് സ്ഥലം എസ്ഐയോട് നിര്‍ദേശിച്ചത്. ബസ് ട്രാഫിക് പൊലീസ് തടഞ്ഞിട്ടു. ഡ്രൈവറേയും ക്ളീനറേയും കസ്റ്റഡിയിലെടുത്തതോടെ യാത്രക്കാര്‍ പെരുവഴിയിലായി. ബസ് തടഞ്ഞിട്ടതോടെ നഗരം വീണ്ടും ഗതാഗതക്കുരുക്കിലായി. യാത്രക്കാര്‍ ബഹളമുണ്ടാക്കിയതിനെ മണിക്കൂറുകള്‍ക്കു ശേഷം പിഴയീടാക്കി ബസ് വിട്ടയച്ചു.